ഡിജിറ്റൽ അറസ്റ്റ് നാടകത്തിലൂടെ വയോധികനിൽ നിന്ന് 10 കോടിയിലധികം രൂപ കബളിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ പൂനെയിൽ പിടിയില്‍. ഛത്രപതി സംഭാജിനഗർ സ്വദേശി രോഹൻ ജാദവാണ് അറസ്റ്റിലായത്. പൊലീസ് അദ്ദേഹത്തിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും മരവിപ്പിച്ചതിനെത്തുടർന്ന് രോഹൻ ജാദവ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഈ വർഷം ജനുവരിയിൽ തട്ടിപ്പുസംഘം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഉദ്യോഗസ്ഥരായി വേഷംമാറി വൃദ്ധനെ പറ്റിക്കുകയായിരുന്നു. കേസിലകപ്പെട്ടിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. നിയമനടപടികൾ ഒഴിവാക്കാനെന്ന വ്യാജേന, തട്ടിപ്പുകാർ അദ്ദേഹത്തോട് 10.74 കോടി രൂപ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ഇര പൊലീസിനെ സമീപിച്ചു. പ്രതികളിലൊരാൾ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതാണ് കേസിലെ വഴിത്തിരിവ്. തുടർന്ന്, ഹർഷദ് സുഭാഷ് ധൻടോലെ, സമർത്ത് സുരേഷ് ദേശ്‌മുഖ്, അമർ ശിവാജി അട്ടാർഖി എന്നിവരെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പണം രോഹന് നൽകിയതായി ഹർഷദ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാൾ ഒളിവിൽപ്പോവുകയും ചെയ്തു. ഛത്രപതി സംഭാജിനഗർ സ്വദേശിയായ ജാദവ്, വഞ്ചിക്കപ്പെട്ട 10.74 കോടി രൂപ മൊത്തം 5,436 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. ടെലിഗ്രാം ആപ്പ് വഴി ഹോങ്കോങ്ങിലെ വ്യക്തികളുമായി അയാൾ ബന്ധപ്പെട്ടിരുന്നുവെന്നും വീഡിയോ കോളുകളിൽ അവരുമായി പതിവായി സംസാരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.