ചാർധാം യാത്രയുടെ ഭാഗമായി കേദാർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റ് ബുക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ സൈബർ തട്ടിപ്പിനിരയായി. ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച വെബ്സൈറ്റ് വഴി തിരക്കിട്ട് ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെ 20,328 രൂപയാണ് നഷ്ടപ്പെട്ടത്. ഇതുപോലെ തട്ടിപ്പിന് ഇരകളായത് നിരവധി പേര്‍. ഇരകളായവരുടെ പരാതിയില്‍ ബി.ടെക് വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പ് ഇങ്ങനെ ?
മെയ് 12-നാണ് തട്ടിപ്പിന് ആസ്പദമായ സംഭവം നടന്നത്. ഡൽഹിയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കേദാർനാഥിലേക്ക് കുടുംബസമേതം യാത്ര പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റർ സർവീസ് തിരയുകയും, 'irctc-heliyatra.com' എന്ന ലിങ്കിൽ കയറുകയുമായിരുന്നു. '4 ധാം, 5N/6D പാക്കേജ് 89,999 രൂപയ്ക്ക്' എന്ന പരസ്യവും നാല് തീർത്ഥാടന കേന്ദ്രങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു. തുടർന്ന് വെബ്സൈറ്റിലെ Book Now ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ഇദ്ദേഹത്തെ 'ട്രാൻസ് ഭാരത് ഏവിയേഷൻ കേദാർനാഥ് ഹെലികോപ്റ്റർ ടിക്കറ്റ് ബുക്കിംഗ് ബൈ 2026' എന്ന മറ്റൊരു പേജിലേക്കാണ് റീഡയറക്ട് ചെയ്തത്. ഇതിൽ നൽകിയിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വാട്സ്ആപ്പ് വഴി വിവിധ യാത്രാ നിരക്കുകൾ ലഭിച്ചു.
ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് 23,000 രൂപ, സിർസിയിൽ നിന്ന് 6,390 രൂപ, ഫാട്ടയിൽ നിന്ന് 10,164 രൂപ, ഗുപ്തകാശിയിൽ നിന്ന് 12,762 രൂപ എന്നിങ്ങനെയായിരുന്നു വാട്സ്ആപ്പിൽ ലഭിച്ച നിരക്കുകൾ. ഫാട്ടയിൽ നിന്നും കേദാർനാഥിലേക്കുള്ള ഹെലികോപ്റ്റർ സർവീസിനായി രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. പണം അടച്ചതിന് പിന്നാലെ 20,328 രൂപയുടെ രണ്ട് ഇ-ടിക്കറ്റുകൾ ജിമെയിലിലൂടെയും വാട്സ്ആപ്പിലൂടെയും ലഭിച്ചു. തുടര്‍ന്ന് ഡൽഹിയിൽ നിന്ന് ഫാട്ട ഹെലിപാഡിൽ എത്തിയപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്. ലഭിച്ചത് വ്യാജ ടിക്കറ്റുകളാണെന്ന് ട്രാൻസ് ഭാരത് ഏവിയേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖേന മനസിലായി.
നേരിട്ടുള്ള ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്നും, ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി മാത്രമാണ് ടിക്കറ്റുകൾ നൽകുന്നതെന്നും വ്യക്തമാക്കി. പിന്നീട് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഉദ്യോഗസ്ഥൻ പരാതി നൽകി. ഈ പരാതി ദക്ഷിണ ഡൽഹി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിന്റെ കണ്ടത്തല്‍, അറസ്റ്റ്?
ബി.എൻ.എസ് വകുപ്പുകൾ പ്രകാരം മെയ് 21-ന് ഡല്‍ഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ, പണമിടപാടുകൾ, ഡൊമെയ്ൻ രജിസ്ട്രേഷനുകൾ, ഐ.പി ലോഗുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളിലേക്ക് എത്തി. ജൂൺ 2-ന് ബീഹാറിലെ നളന്ദ സ്വദേശികളായ ഓംപ്രകാശ് കുമാർ, രോഹിത് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയും നോയിഡയിൽ ബി.ടെക് വിദ്യാർത്ഥിയുമായ ശ്രേയാൻഷ് തിവാരി എന്ന ശിവത്തെക്കുറിച്ച് വിവരം ലഭിച്ചത്. വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത് ശ്രേയാൻഷാണെന്ന് പൊലീസ് കണ്ടെത്തി.
ടെലഗ്രാം വഴിയാണ് ഓംപ്രകാശ് ശ്രേയാൻഷുമായി ബന്ധപ്പെട്ടത്. 40,000 രൂപ നൽകിയാണ് വ്യാജ ബുക്കിംഗ് പോർട്ടൽ നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിന്റെ സാങ്കേതിക ബുദ്ധികേന്ദ്രം ശ്രേയാൻഷായിരുന്നു. ഉപഭോക്താക്കളുമായി വാട്സ്ആപ്പിലൂടെ സംസാരിക്കുന്നതും പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്നതും രോഹിത് കുമാറാണ്. വ്യാജ വെബ്സൈറ്റുകൾ മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ പണം നൽകി പരസ്യം ചെയ്താണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. പ്രതികളിൽ നിന്ന് എട്ട് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, ഐപാഡ്, എ.ടി.എം,ഡെബിറ്റ് കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഉദ്യോഗസ്ഥന് നഷ്ടപ്പെട്ട 20,328 രൂപ ബാങ്ക് അക്കൗണ്ടിൽ മരവിപ്പിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ ഓംപ്രകാശ് 2022-ൽ നോർത്ത് വെസ്റ്റ് ഡൽഹിയിൽ മറ്റൊരു സൈബർ തൊഴിൽ തട്ടിപ്പ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് നിര്‍ദേശം?
ഐ.ആർ.സി.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ കേദാർനാഥ് ഹെലികോപ്റ്റർ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കു. ട്രാൻസ് ഭാരത് ഏവിയേഷൻ പോലെയുള്ള കമ്പനികൾ നേരിട്ട് ടിക്കറ്റ് ബുക്കിംഗ് നടത്തുന്നില്ല. ചാർധാം യാത്രയ്ക്കുള്ള ഹെലികോപ്റ്റർ സീറ്റുകളുടെ ഉയർന്ന ഡിമാൻഡും തീര്‍ത്ഥാടകര്‍ വേഗത്തില്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും മുതലെടുത്താണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഗൂഗിളിൽ തിരയുമ്പോൾ ആദ്യം കാണുന്ന വെബ്സൈറ്റുകൾ ഔദ്യോഗികമാണോ എന്ന് ഉറപ്പുവരുത്താതെ പണം കൈമാറരുതെന്നും, തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ നാഷണൽ സൈബർ ക്രൈം പോർട്ടലിലോ 1930 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകുന്നു