Image: X, @ndtv

ഡല്‍ഹിയില്‍ സ്ത്രീ റൈഡര്‍മാരെ ഇടിച്ചുവീഴ്ത്തുകയും അവരുടെ ദൃശ്യങ്ങളും പ്രതികരണങ്ങളും രഹസ്യമായി പകര്‍ത്തുകയും ചെയ്യുന്ന യുട്യൂബര്‍ അറസ്റ്റില്‍. സുഭാഷ് നഗറില്‍ നിന്നാണ് ഗുര്‍മാന്‍ സിങ് എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. റോഡുകളില്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയുമാണ് ഇയാള്‍ ലക്ഷ്യംവച്ചിരുന്നത്. 

ഗുര്‍മാന്‍ സിങ്ങിനെക്കുറിച്ച് നിരവധി പരാതികള്‍ വന്നതോടെയാണ് ഡല്‍ഹി പൊലീസ് ഇയാളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. വനിതാ റൈഡര്‍മാരെ മനപൂര്‍വം ഇയാള്‍ ഇടിച്ചുവീഴ്ത്തും, ആ സമയത്തെ പ്രതികരണം രഹസ്യമായി ക്യാമറയില്‍ പകര്‍ത്തും, പിന്നാലെ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടും, ഒപ്പം വരുമാനവും. ഇതാണ് ഗുര്‍മാന്‍ സിങ്ങിന്റെ രീതി. ‘റോഡ് സേഫ്റ്റി വാല’എന്ന േപരിലാണ് ഇയാള്‍ അക്കൗണ്ടുകള്‍ നടത്തിയിരുന്നത്. 

ജൂണ്‍ രണ്ടിന് നടന്ന ഒരു സംഭവത്തോടെയാണ് ഗുര്‍മാന്‍ സിങ്ങിന്റെ കള്ളക്കളികള്‍ പുറത്തുവന്നത്. രാജ ഗാർഡൻ സ്വദേശിയായ സണ്ണി അറോറ നല്‍കിയ പരാതിയാണ് കേസിന് ആധാരം. തന്റെ പെണ്‍മക്കള്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകില്‍ രണ്ടു ബൈക്കുകളിലായെത്തിയ പുരുഷന്‍മാര്‍ മനപൂര്‍വം വന്നിടിച്ചെന്നും പിന്നാലെ മോശം കമന്റുകളുള്‍പ്പെടെ പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അറോറ പരാതി നല്‍കിയത്. ഇതിനു പിന്നാലെ ഈ സംഭവത്തിന്റെ വിഡിയോ ഗുര്‍മാന്‍ സിങ്ങിന്റെ ഫെയ്സ്ബുക്ക് പേജിലും യുട്യൂബിലും പ്രത്യക്ഷപ്പെട്ടതോടെയാണ് സണ്ണി അറോറയ്ക്ക് സംശയം തോന്നിയത്. 

മനപൂര്‍വം സ്്ത്രീകളെ ഇടിച്ചിട്ട ശേഷം അറിയാതെ സംഭവിച്ചതാണ് ദീദീ എന്നും, ക്ഷമിക്കണമെന്നും പറഞ്ഞ് രംഗം ശാന്തമാക്കും. ഇതോടൊപ്പം അവരുടെ പ്രതികരണങ്ങളും റെക്കോര്‍ഡ് ചെയ്യും. ഇയാളുടെ @bikeronroad33 എന്ന യുട്യൂബ് ചാനലിന് 21,000ത്തോളവും ഫെയ്സ്ബുക്ക് പേജിന് 2.1 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാനും ധനസമ്പാദനത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയാറായ വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. 

പ്രതിയുടെ സോഷ്യല്‍മീഡിയ പേജുകള്‍ പരിശോധിച്ച പൊലീസ് ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ആക്‌സസുള്ള മൊബൈൽ ഫോൺ, കേസുമായി ബന്ധപ്പെട്ട വീഡിയോകൾ, സ്‌ക്രീൻഷോട്ടുകൾ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം വെസ്റ്റ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. 

Delhi YouTuber Arrested for Targeting and Harassing Women Riders for Viral Content:

A YouTuber named Gurman Singh has been arrested by the Delhi Police from Subhash Nagar for intentionally ramming into women riders on the road. The accused was allegedly targeting women and minor girls riding two-wheelers, causing them to fall, and secretly recording their reactions and the entire incident to post as content on his YouTube channel. Police took action following reports of these dangerous activities that posed a serious risk to public safety and women's security.