Image Credit: X
മൂന്നുവട്ടം ഇന്ത്യയ്ക്കായി ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അത്ലീറ്റ് നീരജ് യാദവ് അന്തരിച്ചു. ഡല്‍ഹിയിലെ വീട്ടിലാണ് നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയ്ക്കായി F55 വിഭാഗത്തില്‍ പാര ജാവലിനിലും ഡിസ്കസ് ത്രോയിലുമാണ് നീരജ് മല്‍സരിച്ചിരുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ നീരജ് 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ പാരാ ഗെയിംസിലും 2022 ലെ ഹാങ്ഷു ഏഷ്യന്‍ പാരാ ഗെയിംസിലും ജാവലിനില്‍ താരം സ്വര്‍ണം നേടിയിരുന്നു. ഹാങ്ഷുവില്‍ ഡിസ്കസ് ത്രോയിലും നീരജ് സ്വര്‍ണം രാജ്യത്തിന് സമ്മാനിച്ചു.
കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെ താരം സസ്പെന്‍ഷനിലായിരുന്നു. ഇതേത്തുടര്‍ന്ന് നീരജ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
2023 ഒക്ടോബറില്‍ അനബോളിക് സ്റ്റിറോയ്ഡായ സ്റ്റാസൊലോല് ഉപയോഗിച്ചതായി ഡോപിങ് ഏജന്‍സിയായ നാഡ കണ്ടെത്തിയതോടെ നീരജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ ഹാങ്ഷുവിലെ മെഡലുകളും നീക്കി. താന്‍ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും നീരജ് വാദിച്ചു. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കും താന്‍ തയാറാണെന്നും നീരജ് അധികൃതരെ അറിയിച്ചിരുന്നു. ഏഴാം വയസില്‍ പോളിയോയ്ക്ക് പിന്നാലെയാണ് നീരജിന്റെ ശരീരം ഭാഗികമായി തളര്‍ന്നുപോയത്. 2005 മുതല്‍ 2012 വരെ താരം വീല്‍ ചെയര്‍ ടെന്നീസ് കളിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)