പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്ത് 13 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പ്. കേസിൽ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിലായി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
കേന്ദ്ര ധനകാര്യ കമ്മിഷൻ്റെ ഗ്രാൻഡ് വരുന്ന പഞ്ചായത്തിൻ്റെ അക്കൗണ്ടിൽ നിന്നാണ് 13 ലക്ഷം രൂപ നഷ്‌ടമായത്. 2025-26 വർഷത്തെ ധനകാര്യപത്രിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ പരിശോധന നടത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡൻ്റിൻ്റെയും ഡിജിറ്റൽ ഒപ്പ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് വിദ്യ, ഭർത്താവ് രാമകൃഷ്‌ണൻ, ബന്ധു സുശീല എന്നിവരെ കല്ലടിക്കോട് പൊലീസ് അറസ്റ്റുചെയ്തു. ജീവനക്കാരി ഈ തുക പല തവണയായി ബന്ധുവിൻ്റെയും ഭർത്താവിൻ്റെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.
2012 മുതൽ വിദ്യ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരിയാണ്. അതിനാൽ മുൻകാലങ്ങളിലെയും സാമ്പത്തിക കണക്കുകൾ പരിശോധിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെടു. യുഡിഎഫിൻ്റെ ഭരണസമിതി ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഡിവൈഎഫ് ഐ ആരോപിച്ചു.