ഇന്‍റര്‍നെറ്റ് വഴി ലഭിച്ച ബാങ്കിന്‍റെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് നമ്പറിനെ വിശ്വസിച്ച് വിവരങ്ങള്‍ കൈമാറിയ ജഡ്ജിയില്‍ നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത് സൈബര്‍ തട്ടിപ്പ് സംഘം. ബാങ്ക് നമ്പറെന്ന വ്യാജേന നല്‍കിയ തട്ടിപ്പുസംഘത്തിന്‍റെ നമ്പറിലേക്ക് വിളിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയാണ് കബളിപ്പിക്കപ്പെട്ടത്. സൈബര്‍ തട്ടിപ്പിലൂടെ 6.02 ലക്ഷം തട്ടിയെടുത്ത 25കാരനെ ജാർഖണ്ഡ് ജംതാര സൈബർ സെല്ലും കർമതണ്ട് പൊലീസും ചേര്‍ന്ന് പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി മസ്ഹര്‍ ആലം ഇസ്രായില്‍ മിയാന്‍ ആണ് പിടിയിലായത്. പ്രതിക്ക് 10 സംസ്ഥാനങ്ങളിലായി 36 സൈബര്‍ തട്ടിപ്പ് കേസുകളുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

കഴിഞ്ഞ ഫെബ്രുവരി അവസാനവാരം തന്‍റെ ക്രഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യാനായി ജഡ്ജി ബാങ്കിന്‍റെ കസ്റ്റമര്‍ കെയര്‍ സര്‍വീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് തട്ടിപ്പുസംഘത്തിന് അവസരമൊരുക്കിയത്. കസ്റ്റമര്‍ കെയര്‍ ലൈന്‍ തിരക്കിലായതിനാല്‍ ആ സമയത്ത് അദ്ദേഹത്തിന് അവരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചു. എന്നാല്‍ അത് തട്ടിപ്പ് സംഘത്തിന്‍റെ വ്യാജ നമ്പര്‍ ആയിരുന്നു.  കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്ന വ്യാജേന സംസാരിച്ച പ്രതി, ജഡ്ജിക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെയാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്.

ജഡ്ജിയുടെ ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ പകരം ഒരു ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാനും കസ്റ്റമര്‍ കെയര്‍ പ്രതിനിധി ചമഞ്ഞ പ്രതി നിര്‍ദേശിച്ചതായും പൊലീസ് പറഞ്ഞു.തുടര്‍ന്ന് തന്‍റെ വീട്ടുജോലിക്കാരന്‍റെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തം സിം കാര്‍ഡ് ഇട്ടാണ് ജഡ്ജി ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആപ്പിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ ഉടൻ തന്നെ അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 6.02 ലക്ഷം രൂപം നിമിഷങ്ങൾക്കുള്ളിൽ പിൻവലിക്കപ്പെട്ടു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായ ഉടൻ അദ്ദേഹം മുംബൈ പോലീസിൽ പരാതി നൽകുകയായിരുന്നു.

കഫ് പരേഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും 10 ദിവസത്തിന് ശേഷം ജാർഖണ്ഡിൽ നിന്ന് പ്രതിയെ കണ്ടെത്തുകയും ചെയ്തു.  ഇന്‍റര്‍നെറ്റിലൂടെ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ നൽകുകയും അതിലൂടെ ആളുകളുടെ ബാങ്കിങ്, കാർഡ് വിവരങ്ങൾ കൈക്കലാക്കുകയുമാണ് ഇത്തരം സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.  ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ആവശ്യപ്പെടാറില്ല. ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ പലപ്പോഴും വ്യാജമാകാം. ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക എന്നതാണ് സൈബര്‍തട്ടിപ്പുകാരുടെ വലയിലാകാതിരിക്കാന്‍ സ്വീകരിക്കേണ്ടതെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Judge Falls Victim to Online Banking Scam:

Online banking scams are a growing concern, and a recent case highlights how easily individuals, even a judge, can fall victim. A cyber fraudster posed as a bank customer care representative and tricked a Bombay High Court judge into revealing sensitive banking information, leading to a loss of over six lakh rupees