കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുക എന്ന് കേട്ടിട്ടേയുള്ളൂ. കർണാടകയിലെ ചിക്കബെല്ലാപൂർ അഡീഷണൽ സീനിയർ സിവിൽ ജഡ്ജി കോടതിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. ഒരു  കോടതി മുറിയിൽ ആരും പ്രതീക്ഷിക്കാത്ത വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് പുറത്തുവന്നത്.

കേൾക്കുമ്പോൾ ഒരു തമാശയായി തോന്നാം. ചിക്കബെല്ലാപൂരിലെ ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജ് ആൻഡ് ജെഎംഎഫ്‌സി കോടതിയിലെ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ ദുർമന്ത്രവാദം നടത്തുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. അറുപത്തിയഞ്ചുകാരിയായ മഞ്ജുളയാണ് പൂജിച്ച വെളുത്ത കടുക് ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ വിതറിയത്.

രണ്ടു ദിവസം മുൻപായിരുന്നു ഇവർ അതീവ രഹസ്യമായി കോടതിക്കുള്ളിൽ കയറി ദുർമന്ത്രവാദം ചെയ്തത്. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സർക്കാർ 2017ൽ പാസാക്കിയ 'അന്ധവിശ്വാസ നിരോധന നിയമപ്രകാരം' ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ മഞ്ജുളയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എന്നാൽ, എന്തിനാണ് ഇവർ ജഡ്ജിയുടെ കസേരയ്ക്ക് മുകളിൽ മന്ത്രവാദം ചെയ്യാൻ ശ്രമിച്ചതെന്നോ മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ എന്നും നിലവിൽ അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

A strange and shocking incident occurred in a Karnataka court, involving black magic performed on a judge's chair. This event, captured on CCTV, led to the arrest of a 65-year-old woman under Karnataka's anti-superstition law.