ആലപ്പുഴയില്‍ സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനി പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ അടിച്ചെടുത്ത 33കാരി അറസ്റ്റില്‍. തിരുമല സ്വദേശി ആര്യാദാസിനെയാണ് (33) ആലപ്പുഴ സൈബർ ക്രൈം പൊലീസ് പിടികൂടിയത്. അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആര്യയെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ അമ്പലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്യുകയായിരുന്നു.

16.6 ലക്ഷം രൂപയാണ് 2 മാസത്തിനിടയിൽ ആര്യ തട്ടിയെടുത്തത്. പരാതിക്കാരൻ അയച്ച പണം ലാഭത്തോടെ വ്യാജ ആപ്പിൽ കണ്ടു, എന്നാൽ തുക പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പിന്‍റെ വിവരം പരാതിക്കാരന് ബോധ്യമായത്. അങ്ങനെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകി. അവരുടെ അന്വേഷണത്തിൽ  പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് കണ്ടെത്തി. തട്ടിയ പണത്തിൽ നിന്ന് 5 ലക്ഷം രൂപയോളം പോർട്ടൽ വഴി മരവിപ്പിച്ചു. ഇത് പരാതിക്കാരന് തിരികെ കിട്ടും. 

കേരളത്തിന് പുറമേ, ഡൽഹി,  ഉത്തർപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലായി 28 പരാതികൾ ആര്യാദാസിനെ നിലവിലുണ്ട്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തിലാണ് ആര്യയെ പിടികൂടിയത്. 

ENGLISH SUMMARY:

Cyber fraud is on the rise in Kerala. A woman was arrested in Alappuzha for defrauding a man of lakhs of rupees through a fake share trading scheme.