AI Image
തലവേദനയായി ഭര്‍ത്താവ് ഭാര്യയ്ക്ക് കൊടുത്ത വിവാഹവാര്‍ഷിക സമ്മാനം. കൊല്‍ക്കത്തയിലെ ഒരു അഭിഭാഷകനാണ് തന്റെ ഭാര്യയ്ക്ക് ഇത്തരത്തില്‍ മൊബൈല്‍ഫോണ്‍ സമ്മാനമായി നല്‍കിയത്. ഭാര്യ അത് ഉപയോഗിക്കുകയും ചെയ്തു. കടയില്‍ നിന്ന് പുതിയ ഫോണാണെന്ന് പറഞ്ഞും പൊട്ടിക്കാത്ത നിലയിലുമായിരുന്നു ഫോണ്‍ വാങ്ങിയത്. എന്നാല്‍ സമ്മാനത്തിന്റെ പിന്നാലെ വന്നത് പൊലീസായിരുന്നു. ഗുജറാത്ത് പോലീസും ബൗബസാർ പോലീസും ഒരേസമയം നടത്തുന്ന സൈബർ ക്രൈം അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണ് ഇപ്പോൾ മൊബൈൽ.
കഴിഞ്ഞ ഫെബ്രുവരിയില്‍ 49,000 രൂപയ്ക്കാണ് അഭിഭാഷകന്‍ ഈ ഫോണ്‍ വാങ്ങുന്നത്. ഇതിന്റെ ബില്ലുകളും കടയില്‍ നിന്ന് ലഭിച്ചിരുന്നു തുടര്‍ന്ന് ഭാര്യ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസിന്റ വരവ്. വിൽപ്പനയ്‌ക്ക് മുന്‍പ് ഫോണ്‍ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. ഫോണിന്റെ ഐഎംഇഐ നമ്പര്‍ മുമ്പ് സൈബര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണിന്റെ അതേ നമ്പര്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. ഫോണുമായി ബന്ധപ്പെട്ടുള്ള ഗുജറാത്ത് പൊലീസിന്റെ അന്വേഷണത്തംക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ഇതിനുശേഷം ദമ്പദികളും പൊലീസില്‍ പരാതി നല്‍കി. പഴയ ഫോണ്‍ പുതിയതാണെന്നു പറഞ്ഞ് കബളിപ്പിച്ചു എന്നതായിരുന്നു പരാതി. പിന്നീട് കടക്കാരനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തനിക്ക് ലഭിക്കുമ്പോള്‍ ഫോണ്‍ പുതിയതായിരുന്നു എന്നും മുമ്പ് ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും കടക്കാരനും പറഞ്ഞു.
മൊബൈല്‍ക്കട പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിതരണക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കും അയച്ചു. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും മൊബൈൽ ഫോൺ റീട്ടെയിലിൽ കർശനമായ നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചും കേസ് ആശങ്ക ഉയർത്തിയിട്ടുണ്ട്.