sell-old-coins-online-new

പഴയ നാണയത്തുട്ടുകൾ വിറ്റാല്‍ ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിലെത്തുമെന്ന് പറഞ്ഞുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാവുന്നു. ഇന്‍സ്റ്റഗ്രാമിലും, ഫെയ്സ്ബുക്കിലും നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും ഒടുവില്‍ കബളിപ്പിക്കപ്പെട്ടത് ആറ്റിങ്ങല്‍ സ്വദേശിയായ ഒരാളാണ്. ഈ പരസ്യം കണ്ട് ഇവരെ ബന്ധപ്പെടുകയും, പത്തുപൈസയുടെ 20 നാണയത്തുട്ടുകള്‍ക്ക് 90 ലക്ഷം രൂപ തരാമെന്ന് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നു. 

വില ഉറപ്പിച്ചതോടെ, ഫോട്ടോയും ആധാർ വിവരങ്ങളും രജിസ്ട്രേഷന് 750 രൂപയും ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ തുക ഗൂഗിൾപേ വഴി അടച്ചാല്‍ മതിയെന്നും പറഞ്ഞു. തുകയുടെ വിവരങ്ങളും, ഡെലിവറി ഡേറ്റും അടങ്ങുന്ന യുവാവിന്‍റെ ഫോട്ടോ പതിച്ച റിസർവ് ബാങ്കിന്റെ സർട്ടിഫിക്കറ്റ് ഓൺലൈനായി അവര്‍ അയച്ചു കൊടുത്തു. 

രണ്ടു വര്‍ക്കിങ് ഡേയ്ക്കുള്ളില്‍ പണം അക്കൗണ്ടിലെത്തുമെന്നും, കമ്പനിയുടെ അംഗീകൃത സ്റ്റാഫുകള്‍ വീട്ടിലെത്തി നാണയത്തുട്ട് ശേഖരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. പക്ഷേ ഈ നടപടി ക്രമങ്ങള്‍ക്കായി ജി.എസ്.ടി ഇനത്തിൽ 8199 രൂപ അടക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് അയാള്‍ക്ക് ചതി മനസിലായത്. 

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങളെക്കൊണ്ട് സമൂഹമാദ്ധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ 'പുതിയ മാനദണ്ഡങ്ങളുടെ' അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്നാണ് വാഗ്ദാനം. 

ഇന്ത്യാകോയിൻ 1, കറൻസി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ് കോയിൻസ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓൾഡ് കോയിൻ തുടങ്ങിയ അക്കൗണ്ടുകൾ ഫെസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാപകമാണ്. പത്ത് പൈസയുടെയും 25 പൈസയുടെയും നാണയങ്ങൾക്ക് വലിയ വില ലഭിക്കുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യം. 

ഇവരെ വിളിച്ചാല്‍ ആദ്യം തരുക ഒരു വാട്ട്സാപ്പ് നമ്പറാണ്. കൈയിലുള്ള നാണയങ്ങളുടെ ഫോട്ടോ ഈ നമ്പറില്‍ സീക്രട്ടായി അയച്ചുകൊടുക്കാനാണ് ആദ്യ നിര്‍ദേശം. ഫോട്ടോ വാട്ട്സാപ്പില്‍ അവര്‍ കണ്ടാല്‍ ഒരു ലക്ഷം മുതൽ ഒരു കോടി വരെ വിലകിട്ടുന്ന നാണയങ്ങളാണിതെന്ന് റിപ്ലൈ വരും. പഴയ  നാണയം വിറ്റ് കോടികൾ നേടിയവരുടെ വിഡിയോ വാട്സാപ്പില്‍ അയക്കുന്നതോടെയാണ് പലരും ഈ കെണിയില്‍ വീഴുക. രജിസ്ട്രേഷൻ ഫീ, ജി.എസ്.ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയാണ്  തട്ടിപ്പുകാരുടെ ലക്ഷ്യം. 

ഇത്തരം കേസുകളില്‍ പ്രാഥമികമായി അറിയേണ്ട ഒരു കാര്യമുണ്ട്. റിസർവ് ബാങ്ക് ഒരിക്കലും പഴയ നാണയത്തുട്ട് വാങ്ങി ലക്ഷങ്ങള്‍ നൽകുകയില്ല. നിങ്ങൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായിട്ടുണ്ടെങ്കിൽ,  ഹെല്പ്ലൈന്‍ നമ്പറായ 1930ല്‍ ഉടന്‍ തന്നെ വിളിക്കുക.

ENGLISH SUMMARY:

Sell ​​old coins and earn millions online. The incident is a scam