തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനയുടെ വലിപ്പവും അത് നല്കിയ ഭക്തനുമാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. 207 കോടി രൂപ വരെ മൂല്യം കണക്കാക്കുന്ന 121 കിലോ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചിരിക്കുന്നത്. കിരീടം, മാലകൾ, കൈവളകൾ, അരപ്പട്ട, തോളാഭരണങ്ങൾ തുടങ്ങി വജ്രങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും പതിപ്പിച്ച ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. നല്കിയതാകട്ടെ ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർദ്ധമാൻ ജെയിൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ആരാണ് വർദ്ധമാൻ ജെയിൻ?
ഹെൽത്ത്കെയർ ടെക്നോളജി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് (ബിപിഒ), ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് വർദ്ധമാൻ ജെയിൻ. ആഗോളതലത്തിൽ ആരോഗ്യസാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന 'ആക്സസ് ഹെൽത്ത്കെയർ' കമ്പനിയുടെ സ്ഥാപകനും മുൻ വൈസ് ചെയർമാനുമാണ് അദ്ദേഹം. 2025-ൽ ആക്സസ് ഹെൽത്ത്കെയറിന്റെ 70 ശതമാനം ഓഹരികൾ ഏകദേശം 2 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടിലൂടെ യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതായി റിപ്പോർട്ടുകളുണ്ട്.
ചെന്നൈയിലെ ലയോള കോളജിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1997ലാണ് അദ്ദേഹത്തിന്റെ സംരംഭക യാത്ര ആരംഭിക്കുന്നത്. അനുരാഗ് ജെയിനുമായി ചേർന്ന് വിഷൻ ഹെൽത്ത്സോഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു. ആരോഗ്യരംഗത്തെ മെഡിക്കൽ ബില്ലിങ്, ഇൻഷുറൻസ് ക്ലെയിംസ് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളായിരുന്നു പ്രധാന പ്രവർത്തനമേഖല. 2003ൽ പെറോട്ട് സിസ്റ്റംസ് ഈ കമ്പനിയെ ഏറ്റെടുത്തു. തുടർന്ന് പെറോട്ട് സിസ്റ്റംസിന്റെ പ്രവർത്തനങ്ങൾ ഡെൽ ഏറ്റെടുത്തതോടെ അദ്ദേഹം ഡെൽ സർവീസസിന്റെ ആഗോള ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി.
പിന്നീട് സ്വന്തം സംരംഭമായ ആക്സസ് ഹെൽത്ത്കെയർ സ്ഥാപിച്ചു. ആരോഗ്യരംഗത്തെ സ്ഥാപനങ്ങൾക്ക് സാങ്കേതികാധിഷ്ഠിത സേവനങ്ങൾ നൽകുന്ന ആഗോള കമ്പനിയായി ഇത് വളർന്നു. മെഡിക്കൽ ബില്ലിങ്, മെഡിക്കൽ കോഡിങ്, ഇൻഷുറൻസ് ക്ലെയിംസ്, ഇന്‍കം മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഓട്ടമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ALSO READ: തിരുപ്പതി ഭഗവാന് 121 കിലോ സ്വര്‍ണം സമര്‍പ്പിച്ച് വ്യവസായി; 207 കോടി മൂല്യം; ചിത്രങ്ങള്‍ ...
വ്യവസായ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമാണ്. സരിത ജെയിൻ ഫൗണ്ടേഷനിലൂടെ 'വിദ്യാ സേവ', 'വൈദ്യ സേവ' എന്നീ പദ്ധതികൾക്ക് അദ്ദേഹം പിന്തുണ നൽകുന്നു. കാഞ്ചി കാമകോടി ചൈൽഡ്സ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിങ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. പിന്നാക്കം നിൽക്കുന്ന യുവതി-യുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനം നൽകുന്ന 'ആവിഷ്കാർ' എന്ന സംരംഭത്തിനും അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.
തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ആദ്യ സംഭാവനയല്ല ഇത്. ക്ഷേത്രവുമായി അദ്ദേഹത്തിന് വർഷങ്ങളായുള്ള ബന്ധമുണ്ട്. 2019 മുതൽ ടിടിഡിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് വർദ്ധമാൻ ജെയിൻ സഹായങ്ങൾ നൽകിയിട്ടുണ്ട്. 2026ൽ ടിടിഡിയുടെ ഗതാഗത ആവശ്യങ്ങൾക്കായി ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്തിരുന്നു. കൂടാതെ, ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന്റെ വികസനത്തിനായി ഏകദേശം 7 കോടി രൂപയും സംഭാവന നൽകി. ഗോശാലയിൽ 5 കോടി രൂപ ചെലവിൽ കാലിത്തീറ്റ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുകയും, ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി 1 കോടി രൂപ വിലമതിക്കുന്ന യന്ത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.