Image: X/@TTDevasthanams & ANI

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ഭക്തന്‍. ചെന്നൈ ആസ്ഥാനമാക്കിയുള്ള വ്യവസായി വർദ്ധമാൻ ജെയിൻ ആണ് 207 കോടി രൂപ വരെ മൂല്യം കണക്കാക്കുന്ന സ്വർണാഭരണങ്ങൾ സമർപ്പിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ആഭരണങ്ങള്‍ കൈമാറിയത്. ക്ഷേത്ര ഭാരവാഹികൾ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

മൂലവിഗ്രഹത്തിനും ഉത്സവമൂർത്തികൾക്കും ചാര്‍ത്താനായി ഒൻപത് സെറ്റുകളിലായി 45 സ്വർണാഭരണങ്ങളാണ് സമര്‍പ്പിച്ചത്. കിരീടം, പത്മപാദങ്ങൾ, വഡ്ഡാണം (അരഞ്ഞാണം), ഭുജകീർത്തികൾ, ശംഖ്- ചക്രങ്ങൾ, അഭയഹസ്തങ്ങൾ തുടങ്ങിയ പരമ്പരാഗത ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ക്ഷേത്ര ആചാരങ്ങൾക്ക് അനുസരിച്ചാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീ വെങ്കടേശ്വരനെ ശിരസ്സുമുതൽ പാദംവരെ അണിയിക്കാനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ സ്വർണാഭരണങ്ങൾ. വജ്രങ്ങള്‍, ഇന്ദ്രനീലം, പുഷ്യരാഗം, മാണിക്യം, മരതകം തുടങ്ങി വിലയേറിയ രത്നങ്ങളും സാളഗ്രാമ കല്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ചെന്നൈയിലെ ജിആർടി ജ്വല്ലേഴ്‌സിലാണ് ആഭരണങ്ങൾ പ്രത്യേകം നിർമ്മിച്ചത്. കനത്ത സുരക്ഷയിലാണ് ഇവ തിരുമലയിൽ എത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തിലെ രംഗനായകുല മണ്ഡപത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചു. മുഖ്യമന്ത്രി സ്വർണാഭരണങ്ങൾ വീക്ഷിക്കുകയും സമര്‍പ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വർദ്ധമാൻ ജെയിന്‍റെ കുടുംബത്തിലെ ഓരോ അംഗവും ആഭരണങ്ങൾ തളികയിൽ തലയിലേന്തി ധ്വജസ്തംഭത്തിന് പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാന് മുന്നിൽ സമർപ്പിച്ച് പ്രാർഥന നടത്തി. വെള്ളിയാഴ്ച പുതിയ ആഭരണങ്ങൾ ഭഗവാന് ചാർത്താനാണ് പൂജാരിമാർ തീരുമാനിച്ചിരിക്കുന്നത്.

Image: X/@TTDevasthanams

സമർപ്പിച്ച ആഭരണങ്ങള്‍: പാദകവചങ്ങൾ, അന്ദെലു/ പാദസരങ്ങൾ, പൊഗഡ, തുളസീപത്ര പുഷ്പം, അഷ്ടോത്തര ശതനാമ കാശുമാല, ചതുർഭുജ ലക്ഷ്മി ഹാരം, പുലിനഖ ലോക്കറ്റ്, അഷ്ടോത്തര പത്രഹാരം, നാര നെക്ലേസ്, ഗന്തല മൊലതാട്/ അരഞ്ഞാണം, സുവർണ കാന്തി/ കഴുത്തിലണിയുന്ന ആഭരണം, കനക പുഷ്പം/ സ്വർണപ്പൂവ്, വൈഷ്ണവം, മൊലച്ചെയി, കടിസൂത്രം/ വെള്ളിപ്പാളിയോടുകൂടിയത്, നാഗാഭരണ വഡ്ഡാണം/ സർപ്പരൂപത്തിലുള്ള അരഞ്ഞാണം, മാല/ ചെയിൻ, അഭയഹസ്തല കങ്കണങ്ങൾ/ കൈവളകൾ, ചന്ദനവങ്ക കാന്തി/ ചോക്കർ, വൈകുണ്ഠ ഹസ്തം, കഠി ഹസ്തം, നാഗാഭരണ കടിയമുലു/ സർപ്പരൂപത്തിലുള്ള പാദസരങ്ങൾ, നാഗാഭരണങ്ങൾ, ഭുജകീർത്തികൾ/ തോൾവളകൾ, കർണപത്രങ്ങൾ/ കമ്മലുകൾ, ബാഹുവുലു/ കൈവളകൾ, സാളഗ്രാമ ഹാരം, കമലാല ത്രിഭുജ സാളഗ്രാമ ഹാരങ്ങൾ, സീമ കവചങ്ങൾ, ശംഖ് കവചം, ചക്ര കവചം, മുത്തുമാല, കിരീടം.

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ വ്യക്തിഗത വഴിപാടുകളിലൊന്നായാണിത് വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപും വർദ്ധമാൻ ജെയിൻ  ക്ഷേത്രത്തിലേക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.. ഏകദേശം 2.26 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റുകളിൽ ഒന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. 2022 ല്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ആദ്യമായി തങ്ങളുടെ ആസ്തി പരസ്യപ്പെടുത്തുമ്പോള്‍, വിവിധ ബാങ്കുകളിലായി 10.25 ടൺ സ്വർണനിക്ഷേപം, 2.5 ടൺ സ്വർണാഭരണങ്ങൾ, 16,000 കോടി രൂപ ബാങ്ക് നിക്ഷേപം, ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകൾ എന്നിങ്ങനെയാണ് സ്വത്തുവിവരങ്ങൾ. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിക്കുണ്ട്.

ENGLISH SUMMARY:

Chennai-based businessman Vardhaman Jain donated 121 kg of gold ornaments worth Rs 207 crore to Tirumala Tirupati Devasthanams in CM Chandrababu Naidu's presence.