അമേരിക്കയിലെ പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ ഒരാൾക്ക് നാട്ടിൽ നല്ല ബ്രഡ് ലഭിക്കുന്നില്ല എന്ന് തോന്നി. ആ തോന്നലിൽ ഉണ്ടായത് ഒരു ബ്രെഡ് കമ്പനി തന്നെയാണ്. ആലപ്പുഴ ജില്ലയിലെ അരൂരിൽ ആരംഭിച്ച എലൈറ്റ് ബ്രഡ് കമ്പനിയുടെ ഉത്ഭവത്തിനു പിന്നിലെ രസകരമായ കഥയാണ് അത്. ആ കമ്പനി ഉടമയുടെ പേരാണ് ടി.ആർ. രഘുലാൽ.  

 

അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം അന്തരിച്ച എലൈറ്റ് ഫുഡ്സ് ആൻഡ് ഇനവേഷൻസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു ടി.ആർ. രഘുലാൽ.

വളരെ വേഗം വ്യാപിച്ച ആ സാമ്രാജ്യം രുചികരമായ ബ്രഡ് ലഭ്യമാക്കി. പിന്നെ തുടങ്ങിയ മറ്റു യൂണിറ്റുകളിൽ നിന്ന് വിവിധ ഭക്ഷ്യോത്പന്നങ്ങളും എലൈറ്റിന്റേതായി കമ്പോളത്തിലെത്തി.

മുന്നൂറ്റിൽപ്പരം തൊഴിലാളികൾ അരൂർ യൂണിറ്റിൽ ജീവനക്കാരായുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ പ്രത്യേഗ പരിഗണന അദ്ദേഹം നൽകിയിരുന്നു. തൊഴിലാളികളുടെ ക്ഷേമ കാര്യത്തിനു മുൻഗണന നൽകി.

 

സുരക്ഷിതഭക്ഷണം എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിനായി ജൈവകർഷകക്കൂട്ടായ്‌മകൾ സൃഷ്ടിച്ചു. കീടനാശിനികളുടെ ഉപയോഗം തടയാൻ പ്രവർത്തനങ്ങൾ നടത്തി. ജൈവകൃഷിരീതികളിൽ കർഷകർക്ക് പരിശീലനവും നൽകി. എലൈറ്റ് ന്യൂട്രിഷൻ റിസർച്ച് സെന്റർ എന്ന സംരംഭത്തിനും നേതൃത്വം നൽകിയത് രഘുലാൽ ആണ്. കാലിത്തീറ്റനിർമാതാക്കളായ കേരള സോൾവെന്റ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് ഡയറക്ടർ ആയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി കെയർഎന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റും ചെയർമാനും അദ്ദേഹം ആയിരുന്നു.

 

പാലക്കാടൻ മട്ട, നവര അരി എന്നിവയ്ക്ക് ഭൗമസൂചികാ പദവി നേടിക്കൊടുക്കുന്നതിൽ മുൻകൈയെടുത്തത് രഘുലാലാണ്. കേരള ടെന്നീസ് അസോസിയേഷൻ ട്രഷററായിരുന്നു. അങ്ങനെ വ്യവസായി, സംരംഭകൻ എന്നീ നിലകളിൽ മാത്രമായിരുന്നില്ല ടി.ആർ. രഘുലാലിന്റെ പ്രവർത്തനം. പ്രകൃതിസ്നേഹി, മനുഷ്യസ്നേഹി എന്നീ നിലയിലും സജീവമായി നിലകൊണ്ടു.

ENGLISH SUMMARY:

TR Raghulal, the visionary founder and chairman of Elite Foods and Innovations Group, has left behind a rich legacy in the Indian food industry through his pioneering entrepreneurial ventures. His remarkable contributions span across popularizing quality food products, promoting organic farming, and leading impactful social welfare initiatives in Kerala.