shankhmitra

TOPICS COVERED

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ പട്ടികയിൽ രണ്ടാമനായി ഇന്ത്യൻ വംശജനായ ശംഖ് മിത്ര. 821 മില്യൺ ഡോളറാണ് (7,744 കോടി രൂപ) ഇദ്ദേഹത്തിന്റെ ആകെ ശമ്പള പാക്കേജ്. 158 ബില്യൺ ഡോളർ പ്രതിഫലം വാങ്ങുന്ന  ഇലോൺ മസ്‌ക് മാത്രമാണ് ശംഖ് മിത്രയ്ക്ക് മുന്നിലായുള്ളത്. 

അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ വെൽടവറിന്റെ സിഇഒ ആണ് ശംഖ് മിത്ര. ദി വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ശംഖ് മിത്ര ഈ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്. ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചറുകളിൽ നിക്ഷേപം നടത്തുന്ന വെൽടവറിൽ 2016 ലാണ് ശംഖ് മിത്ര ജോയിൻ ചെയ്യുന്നത്. 

തുടർന്ന് 2018 ൽ കമ്പനിയുടെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായും 2020 ൽ സിഇഒആയും വൈസ് ചെയർമാനായും ചുമതലയേറ്റു. മിത്രയുടെ ഈ വൻ തുകയുടെ പാക്കേജിൽ 99 ശതമാനവും സ്റ്റോക്ക് അവാർഡുകളായാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ 789 മില്യൺ ഡോളർ കഴിഞ്ഞ ഒക്ടോബറിലാണ് അനുവദിച്ചത്. വർഷാവസാനത്തോടെ ഇതിന്റെ മൂല്യം ഒരു ബില്യൺ ഡോളറിലധികം ആയി ഉയർന്നിട്ടുണ്ട്. 

ഇന്ത്യയിൽ ജനിച്ചു വളർന്ന ശംഖ് മിത്ര കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എന്‍ജിനിയറിങ് ബാച്ചിലേഴ്സ് ബിരുദം നേടിയത്. അതിനുശേഷം യുഎസിലേക്ക് കുടിയേറി. കൊളംബിയ ബിസിനസ് സ്കൂളിൽ നിന്ന് അപ്ലൈഡ് വാല്യൂ ഇൻവെസ്റ്റിങില്‍ അദ്ദേഹം എംബിഎ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ വംശജനായ നികേഷ് അറോറയും ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ആദ്യ 10 എക്സിക്യൂട്ടീവുകളിൽ ഇടം നേടിയിട്ടുണ്ട്.

 

ENGLISH SUMMARY:

Shankh Mitra, an Indian-origin CEO, has secured the second position globally in terms of highest salary packages, earning a remarkable $821 million. This positions him just behind Elon Musk, highlighting significant executive compensation trends in the business world.