മികച്ചൊരു നടനായി മാത്രമാകും ബോളിവുഡ് താരം വിവേക് ഒബ്റോയിയെ കൂടതല്‍ പേര്‍ക്കും പരിചയം. എന്നാല്‍ അതിലുമപ്പുറം 10ാം വയസുമുതല്‍ ബിസിനസുമായി ബന്ധം പുലര്‍ത്തുകയും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ഒരു വിവേക് ഒബ്റോയിയെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. ദുബായിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം തന്‍റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും അച്ഛന്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്.
നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിവേകിന്‍റെ അച്ഛന്‍ സുരേഷ് ഒബ്റോയ് ഒരു കോടീശ്വരനായിരുന്നു. എന്നാല്‍ മകന്‍ സ്വന്തമായി അധ്വാനിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാനാണ് ആ അച്ഛന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അച്ഛൻ തന്നെ സഹായിച്ചിരുന്നില്ല. ''ഞാൻ ധനികനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താൻ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം'' എന്നാണ് അച്ഛൻ തന്നോട് പറഞ്ഞതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് ഒബറോയ് പറയുന്നു.
പത്താംവയസ്സിൽ അച്ഛൻ വിവേകിനെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവൻ സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. ഇപ്പോള്‍ ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് അദ്ദേഹം. ''എന്റെ നിക്ഷേപകർക്കും എനിക്കും വേണ്ടി ഞാൻ ധാരാളം പണം സമ്പാദിച്ചു, 23 വയസ്സായപ്പോഴേക്കും ഞാൻ കമ്പനി വിറ്റു. ആ വർഷങ്ങളിലെല്ലാം കഠിനാധ്വാനം ചെയ്തില്ലായിരുന്നെങ്കിൽ, ഇതൊന്നും ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഒമ്പത് കമ്പനികളെ ലിസ്റ്റ് ചെയ്യാൻ എനിക്കായി, ഇനിയും നാലെണ്ണം കൂടി ചെയ്യാൻ പദ്ധതിയുണ്ട്.'' വിവേക് പറഞ്ഞു.
2002-ല്‍ രാം ഗോപാൽ വർമ്മയുടെ ‘കമ്പനി’ യിലൂടെ സിനിമയിലെത്തിയ വിവേക് ഒബ്റോയ് അറിയപ്പെടുന്ന താരമായി ഉയര്‍ന്നെങ്കിലും സിനിമയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 2009-ൽ ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ‘ഒരു ലോബിക്ക് നമ്മുടെ ഭാവി തീരുമാനിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലെത്താൻ ഞാനാഗ്രഹിച്ചില്ല. ആർക്കും ഭീഷണിപ്പെടുത്തി എന്തെങ്കിലും ചെയ്യിപ്പിക്കാൻ കഴിയരുത് എന്ന് ഞാൻ ആഗ്രഹിച്ചു.’-ഒബ്റോയ് പറഞ്ഞു. ഇന്ത്യ വിട്ട് ദുബായിലേക്ക് താമസം മാറിയതോടെ വിവേക് ഒബ്റോയിയുടെ ജീവിതം തന്നെ മാറി.
തന്‍റെ സമ്പത്ത് വർധിപ്പിക്കാൻ സഹായിച്ച ദുബായിലെ നല്ല അന്തരീക്ഷത്തെക്കുറിച്ചും വിവേക് സംസാരിച്ചു. ഫോർബ്സ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ഏപ്രിൽ വരെ വിവേക് ഒബ്‌റോയിയുടെ ആസ്തി ₹1,200 കോടിയായിരുന്നു.