സിനിമയിൽ നിന്ന് വളരെക്കാലം ഇടവേള എടുത്തതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടി നൽകി ബോളിവുഡ് താരം വിവേക് ​​ഒബ്‌റോയ് . സെറ്റിൽ ഉണ്ടായ ഒരു അപകടം തന്നെ ജോലി നിർത്താൻ പ്രേരിപ്പിച്ചുവെന്ന വാദങ്ങള്‍ താരം തള്ളി . പരുക്ക് ഗുരുതരമായിരുന്നെങ്കിലും ആക്ഷൻ വേഷങ്ങൾ ചെയ്യാനോ ശാരീരികമായി ബുദ്ധിമുട്ടുള്ള വേഷങ്ങൾ ചെയ്യാനോ ഉള്ള തന്‍റെ കഴിവിനെ അത് ഒരിക്കലും ബാധിച്ചിട്ടില്ലെന്നാണ് വിവേക് ഒബ്റോയ് പറയുന്നത്.

 2004 ൽ ‘യുവ’യുടെ ഷൂട്ടിങ്ങിനിടെയാണ് വിവേക് ഒബ്റോയിക്ക് അപകടം സംഭവിക്കുന്നത്. ഒന്നിലധികം ഒടിവുകൾ സംഭവിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു.  ‘കാലിൽ 18 ഇഞ്ച് ടൈറ്റാനിയം റോഡ്  ഘടിപ്പിക്കേണ്ടിവന്നു. അതിൽ നിന്ന് കരകയറുന്നത് ശാരീരികമായും മാനസികമായും വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ഫിസിയോതെറാപ്പിസ്റ്റും നാനാവതി ആശുപത്രിയിലെ ഫിസിയോതെറാപ്പി മേധാവിയുമായ ഡോ. അലി ഇറാനിയും അദ്ദേഹത്തിന്‍റെ  സംഘവും ഏകദേശം മൂന്ന് മാസത്തിനുള്ളിൽ എനിക്ക് പൂർണ്ണ ചലനശേഷി വീണ്ടെടുത്തു തന്നു. അവരുടെ വൈദഗ്ദ്ധ്യം, മാർഗ്ഗനിർദ്ദേശം, പിന്തുണ എന്നിവ ഇത്രയും വലിയ പരിക്കുന് ശേഷം ഇത്രയും പെട്ടെന്ന് എന്നെ സ്വന്തം കാലില്‍ നില്‍ക്കാനും, നൃത്തം ചെയ്യാനും, വെല്ലുവിളി നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ അവതരിപ്പിക്കാനും  സഹായിച്ചു. അവർ അതിശയകരമായ ഒരു ജോലി ചെയ്തു, അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്.’ എന്നായിരുന്നു നടന്‍റെ  വാക്കുകള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ആ അപകടം സംതൃപ്തമായ കരിയറില്‍ ഒരു നാഴികക്കല്ല് മാത്രമായിരുന്നു എന്നാണ് വിവേക് ഒബ്റോയ് പറയുന്നത്.

അടുത്തിടെ മസ്തി 4 എന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ് അഭിനയിച്ചിരുന്നു.  'Spirit', 'Rai' എന്നിവയാണ് വിവേക് ഒബ്റോയിയുടെ വരാനിരിക്കുന്ന പ്രോജക്റ്റുകള്‍.

ENGLISH SUMMARY:

Vivek Oberoi clarifies rumors about his career break, denying an accident forced him to stop working. Despite a serious injury during the 'Yuva' shoot, he emphasizes his ability to perform action roles remains unaffected, crediting his recovery to expert physiotherapy