ഇന്ത്യന്‍ സമ്പന്നരില്‍ രണ്ടാമന്‍, ലോകസമ്പന്നരില്‍ 20–ാം സ്ഥാനത്ത്. പക്ഷേ അദാനി ഗ്രൂപ്പിന്‍റെ ഗൗതം അദാനി എഴുതിയെടുക്കുന്ന ശമ്പളം കമ്പനിയിലെ ജീവനക്കാരേക്കാള്‍ കുറവാണ്. അദാനി ഗ്രൂപ്പിന് ഒന്‍പത് ലിസ്റ്റഡ് കമ്പനികളുണ്ടെങ്കിലും രണ്ടെണ്ണത്തില്‍ നിന്നും മാത്രമാണ് ഗൗതം അദാനി ശമ്പളം എഴുതി വാങ്ങുന്നത്. 2025 ല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൗതം അദാനി 10.41 കോടി രൂപയാണ് ശമ്പളമായി കൈമാറ്റിയത്. കമ്പനിയിലെ പ്രധാന ജീവനക്കാരെയും സമ്പന്ന മുതലാളിമാരുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് അദാനിയുടെ ശമ്പളം. എങ്കിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ 9.26 കോടി രൂപയേക്കാള്‍ 12 ശതമാനം അധികമാണിത്.
അദാനി എന്‍റര്‍പ്രൈസില്‍ നിന്നും ശമ്പളമായി 2.26 കോടി രൂപയും മറ്റു ആനുകൂല്യങ്ങളായി 28 ലക്ഷം രൂപയുമാണ് അദാനി കൈപ്പറ്റുന്നത്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ നിന്നും 7.87 കോടി രൂപയാണ് അദാനി ആകെ എഴുതിയെടുത്തത്. 1.80 കോടി രൂപ ശമ്പളവും 6.07 കോടി രൂപ കമ്മീഷനും. ഒപ്പം കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഇതിലൂടെയും അദാനിക്ക് വരുമാനം ലഭിക്കും. ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിക്ക് ലഭിക്കുന്ന ശമ്പളം 7.09 കോടി രൂപയാണ്.
സമ്പന്നരില്‍ ശമ്പളം കുറവ്
ഇന്ത്യയിലെ കുടുംബ ബിസിനസുകളുടെ തലവന്മാരേക്കാള്‍ വളരെ കുറവ് ശമ്പളമാണ് അദാനിയുടേത്. സമ്പന്നതയില്‍ അദാനിയുടെ മുന്നില്‍ നില്‍ക്കുന്ന മുകേഷ് അംബാനി വര്‍ഷങ്ങളായി ശമ്പളമൊന്നും വാങ്ങുന്നില്ല. മുന്‍പ് 15 കോടി രൂപ ശമ്പളം വാങ്ങിയിരുന്ന അംബാനി കോവിഡിന് ശേഷമാണ് ശമ്പളം വേണ്ടെന്നുവച്ചത്. എയര്‍ടെല്‍ ചെയര്‍മാനായ സുനില്‍ ഭാരതി മിത്തലിന്‍റെ ശമ്പളം 32.27 കോടി രൂപയാണ്. രാജീവ് ബജാജ് 53.75 കോടി രൂപയും എല്‍ആന്‍ഡി ചെയര്‍മാന്‍ എസ്എന്‍ സുബ്രമണ്യന്‍ 76.25 കോടി രൂപയും ഇന്‍ഫോസിസ് സിഇഒ സലില്‍ എസ് പരേഖ് 80.62 കോടി രൂപയുമാണ് ശമ്പളമായി വാങ്ങിയത്.
ശമ്പളം ജീവനക്കാരേക്കാള്‍ താഴെ
അദാനിയുടെ ശമ്പളം കമ്പനിയിലെ ചീഫ് എക്സിക്യൂട്ടീവുമാരേക്കാൾ കുറവാണ്. അദാനി എന്‍റര്‍പ്രൈസ് ലിമിറ്റഡിലെ സിഇഒ വിനയ് പ്രകാശിന് 69.34 കോടി രൂപയാണ് ലഭിക്കുന്നത്. നാല് കോടി രൂപ ശമ്പളവും ഇൻസെന്‍റീവായി 65.34 കോടി രൂപയും പ്രകാശിന് ലഭിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിയിലെ മാനേജിങ് ഡയറക്ടറായ വിനീത് എസ് ജെയിന് ലഭിക്കുന്നത് 11.23 കോടി രൂപയാണ്.
അദാനിയുടെ ആസ്തി
ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 82.5 ബില്യൺ ഡോളർ ആണ് ഗൗതം അദാനിയുടെ ആസ്തി. 2022-ൽ ഏഷ്യയിലെ ഏറ്റവും ധനികനായിരുന്ന അദാനി യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് പിന്നിലേക്ക് പോയത്.