പത്ത് രൂപ മുതൽ സ്വർണം വാങ്ങാം. സ്വർണ വില ഉയർന്ന കാലത്ത് നിക്ഷേപകരെ ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിച്ചൊരു കാര്യമായിരുന്നിത്. കുറഞ്ഞ തുകയ്ക്ക് പോലും സ്വർണത്തിൽ നിക്ഷേപിക്കാം. യുപിഐ ആപ്പുകൾ വഴി എളുപ്പത്തിലുള്ള ഇടപാടുകൾ. എന്നാൽ ഇത്തരം നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് സെബിയുടെ മുന്നറിയിപ്പ്. ഡിജിറ്റൽ ഗോൾഡ് പോലെ ഇ– ഗോൾഡ് ഉൽപ്പന്നങ്ങളിൽ നിക്ഷേപം നടത്തുന്നവർക്കാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നത്.
ഇത്തരം ഉൽപ്പന്നങ്ങൾ സെബിയുടെ നിയന്ത്രണത്തിന് പുറത്താണെന്നും ഇവയെ സെക്യൂരിറ്റികളായോ അല്ലെങ്കിൽ കമ്മോഡിറ്റി ഡെറിവേറ്റീവുകളായോ കണക്കാക്കില്ലെന്നും സെബി വാർത്ത കുറിപ്പിൽ വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നൽകുന്ന ഡിജിറ്റൽ ഗോൾഡ്/ ഇ– ഗോൾഡ് ഉൽപ്പന്നങ്ങൾ സെബി റെഗുലേറ്റഡ് ഗോൾഡ് ഉൽപ്പന്നങ്ങളല്ലെന്നും അതിനാൽ അപകടസാധ്യതയുണ്ടെന്നുമാണ് സെബി പറയുന്നത്.
മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് കോൺട്രാക്‌റ്റുകൾ എന്നിവയാണ് സെബിയുടെ മേൽനോട്ടത്തിലുള്ള സ്വർണ നിക്ഷേപമാർഗങ്ങളെന്നും സെബിയുടെ വാർത്താകുറിപ്പിലുണ്ട്. ഫിൻടെക്കുകളും ജുവലറി പ്ലാറ്റ്‌ഫോമുകളും നിലവിൽ ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതികൾ അനുവദിക്കുന്നുണ്ട്. ഇവ സെബിയുടെ അധികാരപരിധിക്ക് പുറത്താണ് പ്രവർത്തിക്കുന്നതെന്നാണ് മാർക്കറ്റ് റെഗുലേറ്റർ മുന്നറിയിപ്പിലുള്ളത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഫിൻടെക് കമ്പനികളും ജുവലറികളും ഡിജിറ്റൽ ഗോൾഡ് ആരംഭിച്ചിട്ടുണ്ട്. 10 രൂപയ്ക്കോ 100 രൂപയ്ക്കോ സ്വർണം വാങ്ങാൻ സാധിക്കുന്നു എന്നതായിരുന്നു ഇവയുടെ ഗുണം. സ്വർണം ആഭരണമായി വാങ്ങുന്നതിലെ വില വർധനവും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾക്കും ബദലായിട്ടാണ് പലരും ഡിജിറ്റൽ ഗോൾഡിനെ അവതരിപ്പിച്ചിരുന്നത്.