RBI Governor Sanjay Malhotra (Reuters)
റിസര്‍വ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. കുറഞ്ഞ പലിശ നിരക്കുകള്‍ പ്രാബല്യത്തിലാകുന്നതോടെ ഇഎംഐ ഭാരത്തിലും കുറവ് അനുഭവപ്പെടും. അതേസമയം, തീരുമാനത്തിന് അനുസൃതമായി ബാങ്കുകള്‍ അവരുടെ നിക്ഷേപ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സ്ഥിര നിക്ഷേപക്കാര്‍ക്ക് തിരിച്ചടിയാകും. 5.5 ശതമാനത്തില്‍ നിന്നാണ് നിലവില്‍ 5.25 ശതമാനമാക്കിയത്. ഏകകണ്ഠമായാണ് പലിശ കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. സമീപ ദിവസങ്ങളില്‍ രൂപയ്ക്ക് നേരിട്ട വലിയ തകര്‍ച്ച കൂടി കണക്കിലെടുത്താണ് തീരുമാനം. Also Read: റീപ്പോ കുറയുമ്പോള്‍ സാധാരണക്കാര്‍ക്കുള്ള നേട്ടം ഇതാ...
നിലവിലെ സാമ്പത്തിക വര്‍ഷത്തെ ജിഡിപി 7.3 ശതമാനമാകുമെന്നും ആര്‍ബിഐ പ്രതീക്ഷിക്കുന്നു. 6.8 ശതമാനത്തിലെത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. മൂന്നാം പാദത്തില്‍ 6.4 ശതമാനമാകുമെന്നായിരുന്നു മുന്‍പത്തെ വിലയിരുത്തലെങ്കിലും ഇത് 6.7 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ആര്‍ബിഐ റീപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ജൂണിലാണ് ഇതിന് മുന്‍പ് കുറവ് വരുത്തിയത്. ആറ് ശതമാനത്തില്‍ നിന്നും 5.5 ശതമാനമായിട്ടാണ് അന്ന് കുറവ് വരുത്തിയത്. ഫെബ്രുവരിയിലാകും അടുത്ത യോഗം ചേരുക.
റീപ്പോ നിരക്ക് എന്നാലെന്താണ്? റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റീപ്പോ റേറ്റ്. റീപ്പോ റേറ്റ് കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പണം കണ്ടെത്താന്‍ കഴിയും. അതുവഴി ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കും കുറയ്ക്കാം. വിപണിയിലെ പണ ലഭ്യത വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും.