പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പുള്ള അവസാന മാസം. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നൊരു മാസം കൂടിയാണ് ഡിസംബര്‍. എസ്ബിഐ എംക്യാഷ് സേവനം അവസാനിപ്പിക്കുന്നതും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന അവസാന തീയതി അടക്കം നിരവധി കാര്യങ്ങള്‍ ഡിസംബറില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
യുപിഎസ്
കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ദേശിയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) നിന്നും ഏകീകൃത പെന്‍ഷന്‍ സ്കീമിലേക്ക് (യുപിഎസ്) മാറാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. മാറാൻ ആഗ്രഹിക്കുന്നവർ സമയപരിധിക്കുള്ളിൽ സിആര്‍എ പോർട്ടല്‍ വഴി ഓൺലൈനായോ നോഡൽ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ചോ പ്രക്രിയ പൂര്‍ത്തിയാക്കണം.
എംക്യാഷ്
ഒാണ്‍ലൈന്‍ എസ്ബിഐ, യോനോ ലൈറ്റ് എന്നിവയില്‍ നവംബര്‍ 30 തിന് ശേഷം എംക്യാഷ് വഴി പണം അയക്കുന്നതിനും ക്ലെയിം ചെയ്യുന്നതിനുമുള്ള സൗകര്യം നിര്‍ത്തലാക്കും. യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം അയക്കാമെന്ന് എസ്ബിഐ വ്യക്തമാക്കി. ഒരു വ്യക്തിയെ നേരത്തേ ഗുണഭോക്താവായി രജിസ്റ്റർ ചെയ്യാതെ അവരുടെ മൊബൈൽ നമ്പറോ ഇമെയിൽ വിലാസമോ മാത്രം ഉപയോഗിച്ച് പണം അയയ്ക്കാൻ സാധിക്കുന്ന സേവനമാണ് എംക്യാഷ്. പണം സ്വീകരിക്കുന്നയാൾക്ക് ഒരു സുരക്ഷിത ലിങ്കും 8 അക്ക പാസ്‌കോഡും ലഭിക്കും. ഇത് ഉപയോഗിച്ച് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ക്ലെയിം ചെയ്ത് നിക്ഷേപിക്കാമായിരുന്നു.
ബിലേറ്റഡ് റിട്ടേണ്‍
സെപ്റ്റംബര്‍ 16 ന്‍റെ ഡ്യൂ ഡേറ്റില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 ന് അവസാനിക്കും. വൈകി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ പിഴ നല്‍കേണ്ടതായി വരും.
പാന്‍–ആധാര്‍ ലിങ്കിങ്
പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയാണ് ആദായ നികുതി വകുപ്പ് നീട്ടിയിട്ടുള്ളത്. 2024 ഒക്ടോബര്‍ ഒന്നിന് മുന്‍പ് ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് നേടിയവർക്കാണ് ഇത് ബാധകമാകുക.
പാചകവാതക വില
ഡിസംബര്‍ ഒന്നിന് പൊതുമേഖലാ എണ്ണ കമ്പനികള്‍ പാചകവാതക വില പുതുക്കി നിശ്ചയിക്കും. കഴിഞ്ഞ മാസത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് ചെറിയ വില കുറവുണ്ടായിരുന്നു. ഞായാറാഴ്ച ഗാര്‍ഹിക പാചകവാചത വില കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്.