ബാങ്കുജോലി ഇഷ്ടപ്പെടുന്നവര്‍ക്കും പരിശീലനം നടത്തുന്നവര്‍ക്കുമായി ഇതാ ഒരു സുവര്‍ണാവസരം. പ്രവര്‍ത്തനവളര്‍ച്ച ത്വരിതപ്പെടുത്താനായി ഏകദേശം 50,000 പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. ഈ വര്‍ഷം തന്നെ ഇത്രയും പേരെ ഓഫീസര്‍ റാങ്കിലും ക്ലാര്‍ക്ക് റാങ്കിലും നിയമിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 20,000 പേരെ എസ്ബിഐയ്ക്ക് ആവശ്യമുണ്ട്. ഇതിനകം തന്നെ എസ്ബിഐ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയാവും നിയമിക്കുക.
35 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒഴിവുകള്‍ നികത്താനാണ് 13,455 ജൂനിയര്‍ അസോസിയേറ്റ്സുമാരെ എസ്ബിഐ നിയമിച്ചത്. 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം, 2,36,226 സ്റ്റാഫുകളാണ് എസ്ബിഐയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് 5,500 പേരെ ഈ വര്‍ഷം നിയമിക്കും. 1,02,746 പേരാണ് നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി ചെയ്യുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ട സഹസ്ഥാപനങ്ങളുടേയും സംയുക്ത സംരംഭങ്ങളുടേയും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഭീമന്‍ നിയമനമെന്നാണ് സൂചനകള്‍.