Image Credit: facebook.com/upichalega

Image Credit: facebook.com/upichalega

യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രാജ്യമെങ്ങുമുണ്ടായിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവന്ന് റിപ്പോര്‍ട്ട് പുറത്ത്. 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടുകള്‍ക്കായും നിശ്ചിത തുക നല്‍കേണ്ടി വരികയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിച്ചുവെന്നും ഇക്കാര്യത്തില്‍ സഹായം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  Also Read: ബാലന്‍സ് പരിശോധനയ്ക്ക് വരെ നിയന്ത്രണം; യുപിഐ ഉപയോഗിക്കുന്നവരാണോ? പണി വരുന്നുണ്ട്

ചെറിയ യുപിഐ പേയ്മെന്‍റുകള്‍ക്ക് ചാര്‍ജ് ബാധകമാവില്ല. അതേസമയം, വലിയ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കുമെന്നും 2020 മുതലുള്ള സീറോ മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് ഒഴിവാക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യുപിഐ വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റായി 0.3 ശതമാനം ഈടാക്കാമെന്നാണ് പേയ്മെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്നത്. നിലവില്‍ ക്രെഡിറ്റ്–ഡെബിറ്റ് കാര്‍ഡുകളിന്‍മേലുള്ള മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്. റുപേ കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.  Read More: വീസയെ കടത്തി വെട്ടാന്‍ യുപിഐ; പ്രതിദിനം 64 കോടിയിലേറെ ഇടപാടുകള്‍

എന്‍പിസിഐ, ബാങ്കുകള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയ ഓഹരിയുടമകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ യുപിഐ നിരക്കുകള്‍ക്ക് പണം ഈടാക്കുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കുകയുള്ളൂ.  ഇതിനായി രണ്ട് മാസം വരെ സമയമെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ENGLISH SUMMARY:

A new report indicates that the Indian government is considering imposing charges on UPI transactions exceeding ₹3000. This move aims to support banks and service providers amidst the surge in digital payments, potentially ending the zero Merchant Discount Rate from 2020.