Image Credit: X

Image Credit: X

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കള്‍ക്കെല്ലാം യുപിഐ സേവനം ലഭ്യമാക്കാന്‍ നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍റെ അനുമതി. ഇതോടെ യുപിഐ വിപണിയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍പേയുടെയും ആധിപത്യത്തിന് വന്‍ തിരിച്ചടി നേരിട്ടേക്കും. നിലവില്‍ 50 കോടിയിലേറെപ്പേരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. ഇതില്‍ 10 കോടിപ്പേര്‍ക്ക് മാത്രമേ യുപിഐ സേവനം നല്‍കാന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണം എന്‍പിസിഐ എടുത്തുകളയുകയായിരുന്നു. 

50 കോടിയിലേറെ ഉപയോക്താക്കളുള്ള ഒരു കമ്പനിക്ക് യുപിഐ സേവനം നല്‍കിയാല്‍ വിപണിയെ ദോഷകരമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ എന്‍പിസിഐ വാട്സാപ്പ് പേയ്ക്ക് പരിധി വച്ചിരുന്നത്. നിലവില്‍ പ്രതിമാസ ഉപയോഗത്തില്‍ വാട്സാപ് പേ 11–ാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2024 നവംബറില്‍ മാത്രം 3,890 കോടി രൂപയാണ് വാട്സാപ്പ് പേ വഴി ആളുകള്‍ കൈമാറ്റം ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ഫോണ്‍ പേ വഴി 10.88 ലക്ഷം കോടി രൂപയും കൈമാറ്റം ചെയ്യപ്പെട്ടു. യുപിഐ വിപണിയിലെ 47.8 ശതമാനം  ഓഹരി നിലവില്‍ ഫോണ്‍ പേയും 37 ശതമാനം ഓഹരി ഗൂഗിള്‍ പേയുമാണ് കൈയടക്കി  വച്ചിരിക്കുന്നത്. ഇതിന് പുറമെ നവി, ക്രെഡ്, ആമസോണ്‍ പേ തുടങ്ങിയ യുപിഐ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും നിരവധിപ്പേര്‍ ഉപയോഗിച്ചുവരുന്നു. നിലവിലുള്ള യുപിഐ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും അനുസരിച്ചാവും വാട്സാപ്പ് പേയും പ്രവര്‍ത്തിക്കുക. 

ENGLISH SUMMARY:

The National Payments Corporation of India (NPCI) has removed the user limit for onboarding on WhatsApp Pay, effective immediately. According to a statement from NPCI, WhatsApp Pay can now provide UPI services to its entire user base in India