Untitled design - 1

തമിഴക വെട്രി കഴകം നേതാവ് വിജയ് എങ്ങനെ തമിഴ്നാടിന്‍റെ കിങ് ആയി. ? ഉത്തരം നിങ്ങളുടെ കയ്യിലെ വാട്സാപ്പ് തന്നെ. 1,20,000 വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി വിജയ് നടത്തിയ പ്രചാരണതന്ത്രം  രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ഈ 'വാട്സാപ്പ് മോഡൽ' എങ്ങനെയാണ് വർക്കൗട്ടായതെന്ന് നോക്കാം 

 

ഹൈപ്പർ-ലോക്കൽ നെറ്റ്‌വർക്ക്. അതായത് ബൂത്ത് തലം വരെ വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ഓരോ വാർഡിനും അഡ്മിൻ. ജില്ല, മണ്ഡലം, ബൂത്ത് തലങ്ങളിലായി ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകള്‍ സജ്ജമാക്കി. പ്രചാരണ വീഡിയോകള്‍, പ്രസംഗങ്ങളുടെ ക്ലിപ്പുകള്‍, മീമുകള്‍, പോസ്റ്ററുകള്‍, യോഗ വിവരങ്ങള്‍ എന്നിവ അതിവേഗം ജനങ്ങളിലെത്തിക്കാന്‍ ഈ ഗ്രൂപ്പുകള്‍ ഉപയോഗിച്ചു. പ്രത്യേകിച്ച് യുവാക്കളെയും ആദ്യമായി വോട്ട് ചെയ്യുന്നവരെയും ലക്ഷ്യമിട്ടായിരുന്നു ഡിജിറ്റല്‍ ക്യാംപെയിന്‍. വിജയ്‌യുടെ ശബ്ദ സന്ദേശം ലക്ഷക്കണക്കിന് വോട്ടർമാരിലേക്ക് ഒഴുകിയെത്തി.

 

Also Read: ‘താങ്ക്സ് അണ്ണാ’, അന്ന് മെസേജ്; ഇന്ന് മുഖം തിരിച്ചു; വിജയ്–ഉദയനിധി പോരിന്‍റെ കഥ


അടുത്തത് സീറോ മീഡിയ കോസ്റ്റ്. ടിവി, പത്രം, FM റേഡിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍ കുറച്ചു. പകരം പ്രവർത്തകർ സ്വന്തം സ്റ്റാറ്റസും ഫോർവേഡും വഴി 'ഓർഗാനിക് റീച്ച്' ഉണ്ടാക്കി. പരസ്യച്ചെലവ് 90% കുറക്കാന്‍ ഇതിലൂടെ സാധിച്ചു. വാട്സാപ്പ് വഴി സംവാദങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളുടെ പരാതികൾ ഗ്രൂപ്പിൽ വന്നു, 24 മണിക്കൂറിനുള്ളിൽ മറുപടി കിട്ടി. ഉയിരുക്കും ഉയിരായ നന്‍പന്‍ നമ്മളെ കേൾക്കുന്നു എന്ന ഫീൽ ഉണ്ടാക്കാന്‍ ഇതില്‍പരം എന്തുവേണം.  തമിഴകത്തിന് തന്നോടുള്ള അതിവൈകാരികത ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നതില്‍ വിജയ് വിജയിച്ചു.

 

പരമ്പരാഗത രാഷ്ട്രീയ പ്രചാരണത്തിന് വേണ്ട അടിസ്ഥാനഘടകമാണ് പണം. പക്ഷേ വിജയ് ആ നിയമം തിരുത്തി എഴുതി. വൻതുക ചിലവഴിച്ചുള്ള ഫ്ലെക്സുകളും പത്രപ്പരസ്യങ്ങളും കുറച്ച് അദ്ദേഹം നേരെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ജനങ്ങളുടെ ഫോണിലേക്ക് കയറി. ഫലമോ ?. തമിഴകത്തെ മിന്നും വിജയം. യുവാക്കളും സ്ത്രീകളും പുതിയ വോട്ടർമാരും TVK-യിലേക്ക് ഒഴുകി. എതിരാളികളുടെ കോടികള്‍ ഒഴുക്കിയുള്ള പരമ്പരാഗത പ്രചാരണതന്ത്രങ്ങള്‍ പൊളിഞ്ഞു. കാരണം ലളിതം – അറിയേണ്ട കാര്യങ്ങള്‍  പരമ്പരാഗത മാധ്യമങ്ങളിലെത്തുന്നതിനേക്കാള്‍ വേഗത്തില്‍ സമൂഹമാധ്യമങ്ങളിലെത്തിക്കാം . ആ സ്പീഡ് വിജയ് നേരത്തേ തന്നെ ഉള്‍ക്കൊണ്ടു.

 

ഇത് തമിഴ്നാടിനു മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിനു തന്നെ പുതിയ പാഠമാണ്. പണം കൊണ്ട് ജനങ്ങളെ വിലയ്ക്ക് വാങ്ങാൻ പറ്റില്ലെന്ന് TVK തെളിയിച്ചു. കോടികളുടെ പരസ്യമല്ല. നേരിട്ടുള്ള ‘കണക്ഷ’നാണ് സാധാരണക്കാര്‍ക്ക് വേണ്ടത്.  കളംമാറ്റിയുള്ള ദളപതിയുടെ പുതിയ കളികള്‍ ഭരണത്തിലും കാണാന്‍ സാധിക്കുമോ എന്നു കാത്തിരുന്ന് കാണാം

ENGLISH SUMMARY:

Vijay DMDK's political strategy leveraged WhatsApp groups to connect with voters, significantly reducing traditional media costs and achieving hyper-local reach. This AI-optimized approach demonstrated that direct connection and efficient communication can be more impactful than expensive advertising in Indian politics.