ഒരിക്കല്‍ അടുത്ത സുഹൃത്തുക്കള്‍. തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ പങ്കാളികള്‍. ഇന്ന് നിയമസഭയില്‍ നേര്‍ക്കുനേര്‍ ഇരിക്കുന്ന രാഷ്ട്രീയ എതിരാളികള്‍. തമിഴകം ഇന്ന് സാക്ഷ്യം വഹിക്കുന്നത് അപൂര്‍വമായൊരു രാഷ്ട്രീയ ദൃശ്യത്തിനാണ്. മുഖ്യമന്ത്രി സ്ഥാനത്ത് വിജയ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉദയനിധി സ്റ്റാലിന്‍. വിജയ് തരംഗത്തില്‍ സാക്ഷാല്‍ എം.കെ. സ്റ്റാലിന്‍ വരെ തോറ്റപ്പോള്‍, അതേ തരംഗത്തെ മറികടന്ന് വിജയിച്ചെത്തിയ മുഖമാണ് ഉദയനിധി.
തമിഴ്നാട് നിയമസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആ അകലം വ്യക്തമായിരുന്നു. എംഎല്‍എയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷ ബെഞ്ചിലിരുന്ന ഉദയനിധി പലവട്ടം മുഖം തിരിച്ചു. ഉദയനിധി സത്യപ്രതിജ്ഞ ചെയ്തപ്പോഴും വിജയ്‌യെ നോക്കിയില്ല, അഭിവാദ്യം ചെയ്തില്ല. അതേസമയം ഒ.പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും വിജയ്‌യെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയത്തില്‍ പല സന്ദേശങ്ങളും വാക്കുകളില്ലാതെയാണ് പറയപ്പെടുന്നത്. ഇന്ന് നിയമസഭയില്‍ കണ്ടത് അത്തരമൊരു നിശ്ശബ്ദ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു.
ഇരുവരുടെയും പഴയ ബന്ധം അറിയുന്നവര്‍ക്ക് ഈ ദൃശ്യം അതിശയമാകാം. സിനിമാ പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ വളര്‍ന്ന വിജയും ഉദയനിധിയും ചെറുപ്പം മുതലേ പരിചയക്കാരായിരുന്നു. തന്‍റെ പിറന്നാളിന് വിജയ് ആശംസ അറിയിച്ച് സന്ദേശമയക്കുമായിരുന്നു എന്നും “താങ്ക്സ് അണ്ണാ” എന്ന് താന്‍ മറുപടി നല്‍കുമായിരുന്നുവെന്നും ഉദയനിധി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വിജയ്‌യുടെ ‘ഗില്ലി’ ഉദയനിധിയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.
Image Credit: PTI
സിനിമയിലും ഇരുവരും പങ്കാളികളായി. വിജയ് നായകനായ ‘കുരുവി’ നിര്‍മിച്ചുകൊണ്ടാണ് ഉദയനിധിയുടെ റെഡ് ജയന്‍റ് മൂവീസ് സിനിമാ വ്യവസായത്തിലേക്ക് കടന്നത്. പിന്നീട് വിതരണ രംഗത്ത് വന്‍ശക്തിയായ റെഡ് ജയന്‍റ്, വിജയ്‌യുടെ ‘ബീസ്റ്റ്’, ‘വാരിസ്’, ഒടുവില്‍ ‘ദി ഗോട്ട്’ വരെ വിതരണം ചെയ്തു. വ്യക്തിബന്ധവും ബിസിനസ് പങ്കാളിത്തവും ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബന്ധം.
പക്ഷേ എല്ലാം മാറിയത് വിജയ് രാഷ്ട്രീയത്തിലിറങ്ങിയതോടെയാണ്. 2024ല്‍ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചപ്പോള്‍ ഉദയനിധി അതിനെ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പാര്‍ട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. എന്നാല്‍ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ സൗഹൃദം രാഷ്ട്രീയ പോരാട്ടമായി മാറി.
ഉദയനിധി വിജയ്‌യെ “ബലഹീനനായ രാഷ്ട്രീയക്കാരന്‍”, “പ്രത്യയശാസ്ത്രമില്ലാത്ത കാര്‍ഡ്ബോര്‍ഡ് ലീഡര്‍” എന്ന് പരിഹസിച്ചു. എന്നാല്‍ വിജയ് ഉദയനിധിയെ നേരിട്ട് ആക്രമിച്ചില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം നേരെ എം.കെ. സ്റ്റാലിനായിരുന്നു. പ്രചാരണ വേദികളില്‍ “സ്റ്റാലിന്‍ മാമാ” എന്ന് വിളിച്ച വിജയ്, ഈ പോരാട്ടം “തമിഴ്നാടും ഡല്‍ഹിയും തമ്മിലാണ്” എന്ന് സ്ഥാപിച്ചു.
ഒടുവില്‍ ഫലം വന്നപ്പോള്‍ തമിഴ് രാഷ്ട്രീയം തന്നെ തലകീഴായി. ദശകങ്ങളായി തമിഴ്നാട് ഭരിച്ച രാഷ്ട്രീയ ശക്തികളെ മറികടന്ന്, രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ടിവികെ അധികാരത്തിലെത്തി. അതോടെ സിനിമയില്‍ തുടങ്ങിയത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വൈരങ്ങളിലൊന്നായി മാറി.
ഒരിക്കല്‍ സിനിമാ റിലീസുകള്‍ക്കായി കൈകോര്‍ത്തിരുന്ന രണ്ട് പേര്‍. ഇന്ന് നിയമസഭയില്‍ ഒരാള്‍ അധികാരത്തിന്റെ മുഖം, മറ്റെയാള്‍ പ്രതിപക്ഷത്തിന്റെ ശബ്ദം. തമിഴ് സിനിമയില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായി മാറാനൊരുങ്ങുകയാണ്. നിയമസഭയില്‍ പയറ്റി തഴക്കമുള്ള ഉദയനിധിയെ വിജയ് എങ്ങനെ നേരിടും എന്നതാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പരിചയക്കുറവ് ഉദയനിധി ആയുധമാക്കുമോ? അതോ തിരഞ്ഞെടുപ്പില്‍ കണ്ട അതേ കൃത്യമായ പ്ലാനിങ്ങും ജനപിന്തുണയും നിയമസഭയ്ക്കുള്ളിലും വിജയ് ആവര്‍ത്തിക്കുമോ?കാത്തിരുന്ന് കാണാം.