നിക്ഷേപകരെ പഠിപ്പിച്ചും, ചിലതെല്ലാം പഠിപ്പിക്കാന്‍  ബാക്കി നിര്‍ത്തിയുമാണ്  2025 അവസാനിക്കുന്നത്.  നിക്ഷേപത്തിന് ഓഹരി വിപണിയെ കൂടുതലായി ആശ്രയിച്ചവർക്ക് നിരാശയായിരുന്നു ഫലം. ലാഭം നന്നേ കുറവ്. അതേസമയം സ്വർണം കണ്ണുഞ്ചിപ്പിക്കുന്ന നേട്ടമുണ്ടാക്കി. സ്വർണത്തെ പോലും ഞെട്ടിച്ച് വെള്ളി മുന്നേറി. അങ്ങനെ വിപണിയിലെ പുതിയ നിക്ഷേപകരെ അസറ്റ്  അലോക്കേഷന്‍റെ പാഠം പഠിപ്പിച്ച വർഷമാണിത്.  

യു.എസിൽ ട്രംപ് വന്നു, ട്രംപ് താരിഫുമായി വന്നു. താരിഫ് കൊണ്ട് ഇന്ത്യയെ കുത്തിയപ്പോള് വേദനിച്ചത് രൂപയ്ക്കാണ്. അതിനിടെ ആശ്വാസമായ കാര്യങ്ങളാണ് ജിഎസ്ടി കുറച്ചതും ആദായ നികുതി കുറച്ചതും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതും. ഈ സംഭവവികാസങ്ങളെല്ലാം എങ്ങനെ പുതുവർഷത്തിൽ ബാധിക്കുമെന്ന് നോക്കാം. 

ട്രംപും താരിഫും

ജൂലൈ 30 തിനാണ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിയത്. യു.എസ് ഇറക്കുമതിക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നു എന്നു കാണിച്ചായിരുന്നു ട്രംപിന്‍റെ നടപടി. നയതന്ത്ര ഇടപെടലുകളെത്തുടർന്ന്, താരിഫ് താൽക്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് തിരിച്ചടി തീരുവയായി 25 ശതമാനം നികുതി കൂടി പ്രഖ്യാപിച്ചു. അങ്ങനെ ഓഗസ്റ്റ് 27-ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇന്ത്യൻ ഇറക്കുമതിക്കുള്ള നികുതി 50 ശതമാനമാക്കി ഉയർത്തി. റഷ്യയിൽ നിന്നും മിലിട്ടറി, ഓയിൽ വാങ്ങലുകളാണ് ട്രംപിനെ പ്രകോപിപ്പിച്ച കാരണം. യുക്രൈൻ യുദ്ധം തുടരുന്നതിന് കാരണം ഇന്ത്യയാണെന്ന് ട്രംപ് വിമർശിച്ചിരുന്നു. 

2026 ൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ഇന്ത്യ-യു.എസ് വ്യാപാര കരാറാണ്. ഇരു രാജ്യങ്ങളും സമവായത്തിലെത്തിയാൽ രൂപയ്ക്ക് നേട്ടമുണ്ടാകും. വ്യാപാര കരാറിന്‍റെ അനിശ്ചിതത്വത്തിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികള്‍ വിൽക്കുന്നത്. വ്യാപാര കരാർ അനുകൂലമായാൽ വിദേശ നിക്ഷേപം തിരിച്ചെത്തും. ഇത് രൂപയ്ക്ക് നേട്ടമാകും. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടുന്നതും രൂപയ്ക്ക് നേട്ടമാകും.

Also Read: കൂപ്പുകുത്തിയ രൂപ കരകയറുമോ? 2026 കാത്തുവയ്ക്കുന്നതെന്ത്?

ലേബര്‍ കോഡുകള്‍

2025 നവംബർ ഒന്നിനാണ് ഇന്ത്യ പുതിയ ലേബർ കോഡുകള്‍ നോട്ടിഫൈ ചെയ്തത്. വേജ് കോഡ് 2019, ഇന്റസ്ട്രിയൽ റിലേഷന്ർസ് കോഡ് 2020, സോഷ്യൽ സെക്യൂരിറ്റി കോഡ് 2020, ഒക്യുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വര്ർക്കിങ് കണ്ടീഷൻ കോഡ് 2020 എന്നിവയാണിവ. 2026 ഏപ്രിൽ ഒന്നു മുതൽ ഇവ പ്രാബല്യത്തിൽ വരും. 

പുതിയ ലേബര്‍ കോഡ് പ്രകാരം, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കോസ്റ്റ് ടു കമ്പനി (സിടിസി) യുടെ പകുതിയെങ്കിലും വരണം. പിഎഫ്, ഗ്രാറ്റുവിറ്റി അടക്കമുള്ള സാമൂഹിക സുരക്ഷ പദ്ധതികളുടെ വിഹിതം കണക്കാക്കുന്നത് വേതനം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ അടിസ്ഥാന ശമ്പളം ഉയരുന്നത് കയ്യിലെത്തുന്ന ശമ്പളം ചെറിയ തോതില്‍ കുറയാന്‍ കാരണമാകും. 

Also Read: അടിസ്ഥാന ശമ്പളം കൂടും; കയ്യിലെത്തുന്ന ശമ്പളം കുറയും; പുതിയ തൊഴിൽ നിയമം പണിയാകുമ്പോൾ

ജിഎസ്ടി 2.0

ചരക്കുസേവന നികുതിക്ക് കീഴിൽ വരുന്ന സ്ലാബുകളുടെ എണ്ണം രണ്ടാക്കി കുറച്ചു. അഞ്ച് ശതമാനവും 18 ശതമാനം സ്ലാബുകളിലാണ് ഇപ്പോള്‍ നികുതി ഈടാക്കുന്നത്. 12, 28 നികുതി ഘടന ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷൂറൻസുകള്‍ക്കുള്ള നികുതി കുറച്ചും 2025 ലാണ്. 2026 ലെ അടുത്ത ജിഎസ്ടി കൗൺസിൽ യോഗങ്ങള്‍ നികുതി കൂടുതല്‍ കാര്യക്ഷമാക്കും എന്ന പ്രതീക്ഷിക്കാം. 

ഉത്തരേന്ത്യയില്‍ വായുനിലവാരം മോശമായതിനാല്‍ ഗാർഹിക ആവശ്യത്തിനുള്ള വാട്ട‍ർ, എയർ പ്യൂരിഫയറുകളുടെ നികുതി വരുന്ന ദിവസങ്ങളില്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. നിലവിൽ 18 ശതമാനമാണ് നികുതി. ഇത് 5 ശതമാനമാക്കും. ഇതോടെ ഇവയുടെ വില 10–15 ശതമാനം വരെ കുറയും. 

ഇന്ത്യന്‍ ഓഹരി വിപണി

നേരിയ നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിക്കുന്നത്. ഡോളറില്‍ കണക്കാക്കിയാല്‍ സെന്‍സെക്സും നിഫ്റ്റിയും നല്‍കിയത് 4-5 ശതമാനം വരെ നേട്ടം. രൂപയില്‍ 8-9 ശതമാനം വരെ. രൂപ കുത്തനെ ഇടിഞ്ഞത് വിദേശ നിക്ഷേപകരുടെ നേട്ടത്തെ ചോര്‍ത്തി.  ഇതാണ് 18 ബില്യണ്‍ ഡോളറിന്‍റെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും വലിയ പിന്മാറ്റമാണിത്. 

2026 ല്‍ വിപണിയുടെ വീണ്ടെടുക്കലിന് അനുകൂലമായ സ്ഥിതിയാണെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു. അനുകൂല നയങ്ങളുടെ സഹായത്തോടെയുള്ള ആഭ്യന്തര വളർച്ച, ആദായനികുതി കുറവ്, ജിഎസ്ടി കുറവ് എന്നിവ ഉപഭോഗം വര്‍ധിപ്പിക്കും. ഇന്ത്യ–യുഎസ് വ്യാപാര കരാറിന്‍റെ സാധ്യതകള്‍ അടക്കം ഇന്ത്യന്‍ വിപണിക്ക് അനുകൂലമാകും. 

Also Read: വിദേശനിക്ഷേപകര്‍ വിറ്റൊഴിക്കല്‍ തുടരുന്നു; ഓഹരിവിപണിയില്‍ നഷ്ടം

ആദായ നികുതി

2025-26 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ ആദായ നികുതി സ്ലാബുകള്‍ ഏകീകരിച്ചു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നതാണ് നേട്ടം. 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ചേരുമ്പോള്‍ 12.75 രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. 

ആദായ നികുതി സ്ലാബുകളും ബജറ്റില്‍ ഏകീകരിച്ചു. 0-4 ലക്ഷം രൂപ വരെ ഇനി നികുതി നൽകേണ്ട. 4-8 ലക്ഷം വരെ അഞ്ചു ശതമാനം, 8-12 ലക്ഷം രൂപ വരെ 10 ശതമാനം, 12-16 ലക്ഷം രൂപ വരെ 15 ശതമാനം, 16-20 ലക്ഷം രൂപ വരെ 20 ശതമാനം, 20-24 ലക്ഷം രൂപ വരെ 25 ശതമാനം, 24 ലക്ഷത്തിന് മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് ആദായ നികുതി ഘടന.

2025-26 വർഷത്തെ ടാക്സ് ഇയറിലാണ് ഈ നികുതി ഘടന ബാധകമാകുക. 2026 ൽ ഈ നികുതി ഘടനയെ അടിസ്ഥാനമാക്കിയാണ് ആദായ നികുതി  അടയ്ക്കേണ്ടത്. ആദായനികുതി നിയമം 2025, 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 

Also Read: '12 ലക്ഷം വരെ ആദായ നികുതി വേണ്ട'; പക്ഷെ ഓഹരി വിപണി നിക്ഷേപകര്‍ക്ക് നികുതി ഇളവ് കിട്ടില്ല

റിപ്പോ നിരക്ക് 

2020 മുതൽ 57 മാസക്കാലം ഒരു മാറ്റവുമില്ലാതെ തുടർന് റിപ്പോ നിരക്ക് 2025ൽ നാലു തവണയാണ് കുറച്ചത്. 2025 ഫെബ്രുവരി ഏഴിന് സമാപിച്ച പണഅവലോന യോഗത്തിൽ ആദ്യം കാൽശതമാനം നിരക്ക് കുറച്ചു. ഏപ്രിൽ ഒൻപതിന് കാൽ ശതമാനം കുറച്ച് റിപ്പോ ആറു ശതമാനത്തിലെത്തി. ജൂണിലെ യോഗത്തിൽ അര ശതമാനം കുറഞ്ഞു. 

ഡിസംബർ യോഗത്തിൽ കാൽ ശതമാനമണ് കുറച്ചത്. ആകെ 1.25 ശതമാനം കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനത്തിലെത്തി. ഇത് ബാങ്ക് വായ്പകളുടെ നിരക്കിലും കുറവ് വരുത്തി. ഇന്ത്യ മികച്ച വളര്‍ച്ച കാണിക്കുകയും പണപ്പെരുപ്പം താഴ്ന്ന് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2026 ല്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്. 

ക്രെ‍ഡിറ്റ് സ്കോര്‍ അപ്ഡേറ്റ് 

ക്രെഡിറ്റ് സ്കോറിൽ മാറ്റം പ്രതിഫലിക്കാന്‍ 45 ദിവസം കാത്തിരുന്നിടത്ത് നിന്ന് രണ്ടാഴ്ചയായി കുറഞ്ഞത് 2025 ലാണ്. ആര്‍ബിഐ മാർഗനിർദ്ദേശങ്ങൾ പ്രകാരം 2025 ജനുവരി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളിൽ ക്രെഡിറ്റ് അപ്ഡേറ്റ് ലഭ്യമായിരുന്നു. 

2026 ജൂലൈ 1 മുതൽ ക്രെഡിറ്റ് ബ്യൂറോകളുടെ പ്രവർത്തനത്തിൽ വീണ്ടും മാറ്റങ്ങൾ വരും. വായ്പ സ്ഥാപനങ്ങൾ ഓരോ ആഴ്ചയും വായ്പയെടുത്തവരുടെ വിവരങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് സമര്‍പ്പിക്കണം. മാസത്തിലെ 7, 14, 21, 28 തീയതികളിലും അവസാന ദിവസവുമാണ് വിവരങ്ങൾ കൈമാറേണ്ടത്. നിലവിലുള്ളതും അടച്ചുതീര്‍ത്തതുമായ വായ്പയുടെ പൂര്‍ണവിവരങ്ങള്‍ തൊട്ടടുത്ത മാസം അഞ്ചാം തീയതിയോടെ സമര്‍പ്പിക്കണം. 

ഇത് ക്രെഡിറ്റ് രംഗത്തെ സുതാര്യത വർധിപ്പിക്കും. വീട് വാങ്ങാൻ ഒരുങ്ങുന്നവർക്കോ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നവർക്കും നേട്ടമാകും.

ENGLISH SUMMARY:

Indian Economy 2026 is expected to show recovery with favorable policies, reduced income tax and GST rates. India-US trade deals could positively impact the Indian market, boosting consumption and investment opportunities.