കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനക്കാര്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നത്. ആദായ നികുതി സ്ലാബ് നിരക്കുകള്‍ ഉയര്‍ത്തിയതും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് 12 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് വരെ ഉയര്‍ത്തിയതാണ് ബജറ്റ് പ്രഖ്യാപനത്തിന്‍റെ കാതല്‍.
ബജറ്റ് പ്രഖ്യാപനത്തില്‍ തന്നെ എല്ലാ വരുമാനക്കാര്‍ക്കും 12 ലക്ഷത്തിന്‍റെ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ വരുമാനത്തിനും റിബേറ്റിന്‍റെ ആനുകൂല്യം ലഭിക്കില്ല. അതായത്, മൊത്തവരുമാനം 12 ലക്ഷത്തില്‍ താഴെയാണെങ്കിലും ചില വിഭാഗം വരുമാനക്കാര്‍ ആദായ നികുതി നല്‍കേണ്ടി വരും.
റിബേറ്റ് ലഭിക്കില്ല
മൂലധന നേട്ടങ്ങളിൽ നിന്നോ ലോട്ടറികളിൽ നിന്നോ നിയമത്തിൽ പ്രത്യേക നിരക്ക് നൽകിയിട്ടുള്ള മറ്റേതെങ്കിലും വരുമാനത്തിനോ റിബേറ്റ് ലഭ്യമല്ല. സെക്ഷൻ 115 ബിഎസി പ്രകാരം സ്ലാബുകൾ പ്രകാരം അടയ്‌ക്കുന്ന നികുതിക്ക് മാത്രമെ റിബേറ്റ് ലഭ്യമാകുകയുള്ളൂ എന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
റിബേറ്റ് പരിധി ഇങ്ങനെ
ബജറ്റ് പ്രഖ്യാപനം പ്രകാരം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 60,000 രൂപ വരെ റിബേറ്റ് ലഭിക്കും. നേരത്തെ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 25,000 രൂപയായിരുന്നു റിബേറ്റ്. ഇത് ശമ്പളക്കാരടക്കമുള്ള സ്ഥിര വരുമാനക്കാര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. ശമ്പളവും പലിശ വരുമാനവും റിബേറ്റിന് അര്‍ഹമാകും. സ്ഥലം വിറ്റ് ലഭിക്കുന്ന വരുമാനം, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ വരുമാനത്തിലുണ്ടെങ്കില്‍ 12 ലക്ഷത്തില്‍ കുറവാണെങ്കിലും നികുതി അടയ്ക്കണമെന്ന് ചുരുക്കം.
9.45 ലക്ഷം ശമ്പളക്കാരനും നികുതി
ഉദാഹരണമായി ഒരാളുടെ നികുതി പരിശോധിക്കാം. 9.45 ലക്ഷം രൂപ ശമ്പള വരുമാനമുള്ള വ്യക്തിയുടെ മറ്റു വരുമാനങ്ങള്‍ ഇപ്രകാരമാണ്, ഒരു ലക്ഷം രൂപയുടെ വാടക വരുമാനം, ഓഹരി വില്‍പ്പനയിലൂടെ 2 ലക്ഷം രൂപയുടെ ദീര്‍ഘകാല മൂലധന നേട്ടം, പലിശ വരുമാനം 30,000 രൂപ. ഇതടക്കം 12.75 ലക്ഷം രൂപയാണ് മൊത്തം വരുമാനം വരുന്നത്.
ശമ്പളക്കാരനായതിനാല്‍ 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആനുകൂല്യം ലഭിക്കും. ഇതുവഴി നികുതിബാധകമായ വരുമാനം 12 ലക്ഷമായി ചുരുങ്ങും. 12 ലക്ഷത്തില്‍ ഓഹരി ലാഭമായ 2 ലക്ഷം രൂപ 12.50 ശതമാനം നിരക്കില്‍ നികുതി ചുമത്തും. 9375 രൂപ നികുതി ബാധ്യത വരും.
വാടക, പലിശ വരുമാനങ്ങള്‍ മൊത്ത വരുമാനത്തിനൊപ്പം ചേര്‍ത്ത് ടാക്സ് സ്ലാബ് പ്രകാരമാണ് നികുതി ചുമത്തുക. 10 ലക്ഷത്തിന് ടാക്സ് സ്ലാബ് പ്രകാരം നികുതി കണക്കാക്കിയാല്‍ 40,000 രൂപയാണ് നികുതിബാധ്യത. ഇത് റിബേറ്റില്‍ കുറവു വരുന്നതിനാല്‍ നികുതി പൂജ്യമായി മാറും. അതേസമയം 9375 രൂപ നികുതി അടയ്ക്കേണ്ടി വരും.