കേന്ദ്രസര്‍ക്കാരിന്‍റെ  പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകള്‍  ആഹ്വാനം ചെയ്യുന്ന പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. രാത്രി 12 മണിക്ക് ആരംഭിക്കുന്ന  24 മണിക്കൂര്‍ പണിമുടക്ക് നാളെ അര്‍ധരാത്രി 12 മണി വരെയാണ്. ദേശീയതലത്തില്‍ INTUC പണിമുടക്കിന്‍റെ ഭാഗമാണെങ്കിലും കേരളത്തില്‍ സംയുക്ത പണിമുടക്കിന്‍റെ ഭാഗമല്ല.

 

വിവിധ സര്‍ക്കാര്‍  അധ്യാപകസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യബസ് –കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം സ്തംഭിക്കും. ഓട്ടോ,–ടാക്സി തൊഴിലാളികളും  പണിമുടക്കില്‍ പങ്കാളികളാകും. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, കടകമ്പോളങ്ങള്‍ തുടങ്ങിയവയെയൊക്കെ പണിമുടക്ക് ബാധിക്കും.  

 

അവശ്യസര്‍വീസുകള്‍ക്ക് പുറമേ  ശബരിമല  തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് പോകുന്നവരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ചെറി, തോറ്റപ്പുഴശ്ശേരി പഞ്ചായത്തുകൾ മാരാമൺ കൺവെൻഷൻ നടക്കുന്നതിനാൽ പണിമുടക്കിൽ നിന്ന് ഒഴിവാകും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങളും പണിമുടക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

 

കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഐടി മേഖല, ചെറുകിട വ്യവസായങ്ങള്‍, സ്വകാര്യമേഖല, തോട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖല, വൈദ്യുതി സേവനങ്ങള്‍, എന്നിവയും പണിമുടക്കില്‍പ്പെടും. 30 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) ജനറൽ സെക്രട്ടറിയായ അമർജീത‍് കൗർ പറഞ്ഞു. സംയുക്ത കിസാൻ മോർച്ച പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളികളുടെ സംയുക്ത മുന്നണിയും എംജിഎൻആർഇജിഎ പുനസ്ഥാപനത്തെ ലക്ഷ്യമിട്ടും പണിമുടക്കില്‍ പങ്കെടുക്കും. 

 

കേന്ദ്ര സർക്കാർ നാല് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കണം, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, SHANTI ആക്റ്റ് (Sustainable Harnessing and Advancement of Nuclear Energy for Transforming India) എന്നിവ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ENGLISH SUMMARY:

India is facing a nationwide general strike today as prominent trade unions protest against the central government's new labour codes. The 24-hour strike, which began at midnight, is expected to disrupt transport, government offices, banks, and educational institutions across the country.