• ‘ബിസിനസുകാര്‍ സര്‍ക്കാറിലേക്ക് അനുമതി തേടി എത്തുകയല്ല വേണ്ടത്. സര്‍ക്കാര്‍ ബിസിനസിലേക്ക് എത്തി എന്താണ് വേണ്ടതെന്ന് ചോദിക്കുന്ന കാലം വരണം'

കേരളത്തില്‍ ബിസിനസുകള്‍ തുടങ്ങാന്‍ സാധ്യമല്ലെന്ന അവസ്ഥ മാറിയെങ്കിലും അനുമതി കിട്ടാന്‍ ഇപ്പോഴും പ്രയാസങ്ങളുണ്ടെന്ന് ചോയിസ് ഗ്രൂപ്പ് സിഎംഡി ജോസ് തോമസ്. കേരളത്തില്‍ വലിയ പ്രശ്നമാണെന്ന ധാരണയില്‍ സംരംഭം തുടങ്ങാതിരിക്കേണ്ട. അക്കാര്യങ്ങള്‍ മാറി. പക്ഷേ സർക്കാരിന്‍റെ ബിൽഡിങ്, പ്രോജക്ട് അനുമതികൾക്ക് വളരെ താമസം നേരിടുന്നുണ്ടെന്ന് അദ്ദേഹം മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. 

'ഏകജാലകമാണ്, ഓണ്‍ലൈനാണെന്ന് പറഞ്ഞാലും അനുമതി കിട്ടാന്‍ പ്രയാസമാണ്. ബിസിനസ് ചെയ്യുന്നൊരാള്‍ നികുതി കൊടുക്കുന്നു. ബിസിനസുകാര്‍ സര്‍ക്കാറിലേക്ക് അനുമതി തേടി എത്തുകയല്ല വേണ്ടത്. സര്‍ക്കാര്‍ ബിസിനസിലേക്ക് എത്തി എന്താണ് വേണ്ടതെന്ന് ചോദിക്കുന്ന കാലം വരണം' എന്നും അദ്ദേഹം പറഞ്ഞു. ഭയന്നിട്ടല്ല കേരളത്തിലേക്ക് ബിസിനസ് വരാത്തത്. വേറെന്തോ കാരണുണ്ട്. 2000ത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന എത്ര കമ്പനി കേരളത്തിലുണ്ടെന്ന് അദ്ദേഹം ചോദിച്ചു. 

കേരളത്തില്‍ ആളെ കിട്ടാനില്ല, ഉള്ളവരെല്ലാം പുറത്തക്ക് പോവുകയാണ്. അതിനാല്‍ മൂലകാരണം കണ്ടുപിടിക്കണം. ബിസിനസ് മനോഭാവമുള്ള ആളായിരുന്നു മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍. ഇപ്പോഴത്തെ നേതൃത്വത്തിന് ബിസിനസ് മനോഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായി, സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ സ്ഥലമാണ് കേരളം. കേരളം ഇനിയും മുന്നേറണമെങ്കില്‍ കേരളം നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണം. നൈപുണ്യ വികസനത്തിനുള്ള കോഴ്സ് വേണം. പ്ലംബിങ് പോലുള്ള ജോലികള്‍ പുറത്തുനിന്നുള്ളവരെത്തിയാണ് ചെയ്യുന്നത്. സ്വകാര്യമേഖലയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഇതിനു മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളം ജീവിക്കാന്‍ പറ്റിയ ഇടമല്ലെന്ന ചിന്തയിലാണ് പുതിയ തലമുറ കേരളം വിട്ടു പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ വലിയ വ്യവസായങ്ങള്‍ക്ക് സ്ഥലപരിമിതിയുണ്ട്. സാങ്കേതികവിദ്യാധിഷ്ഠിതമായി സംസ്ഥാനം മുന്നോട്ട് പോയാല്‍ യുവാക്കള്‍ കേരളത്തില്‍ നില്‍ക്കുമെന്നും ജോസ് തോമസ് പറഞ്ഞു. 

 

'കേരളം ഇക്കണോമിക്കലാകണം': കേരളം യുവാക്കളെ ആകര്‍ഷിക്കുന്നത് ഇമോഷണലിയാണെന്നും അത് ഇക്കണോമിക്കലിയായാല്‍ മാത്രമെ കേരളത്തില്‍ യുവാക്കള്‍ നില്‍ക്കൂ എന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ മിനു ചിദംബരം പറഞ്ഞു. ജീവിതത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണം വർധിച്ചാൽ കേരളം ആകർഷണീയമാകും. കേരളം സ്പോര്‍ട്സിനെ ഒരു ഇന്‍ഡസ്ട്രിയായി കാണണം. കളിക്കാരല്ലാതെ സ്പോര്‍ട്സില്‍ എന്താണ് അവസരമെന്ന് അറിയാത്ത സാഹചര്യമുണ്ട്. ക്രിക്കറ്റ് ലീഗ് വരുമ്പോള്‍ അവസരം കൂടുതലാണെന്നും മിനു അഭിപ്രായപ്പെട്ടു. 

 

പോളിസി എങ്ങനെ ബാധിക്കും?: ഓരോ പോളിസിയും സമൂഹത്തെ എങ്ങനെ ബാധിക്കണമെന്ന് പരിശോധിക്കണമെന്നും അതിലൂടെ, മടങ്ങിവരാൻ തയാറുള്ളവരെ മനസ്സിലാക്കാമെന്നും ജെയിൻ യൂണിവേഴ്സിറ്റി ഡയറക്‌ടർ ടോം എം. ജോസഫ് പറഞ്ഞു. കേരളത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഈ സ്വാതന്ത്ര്യം കേരളത്തിൽ അല്ലാതെ കിട്ടില്ലെന്നും ടോം എം. ജോസഫ് പറഞ്ഞു

 

ENGLISH SUMMARY:

Starting a business in Kerala is now more feasible than before, though obtaining permits still presents challenges. Jose Thomas, CMD of Choice Group, highlighted that despite improvements, government building and project approvals are significantly delayed.