സംസ്ഥാനത്ത് നയപരമായി വലിയ മാറ്റങ്ങള്‍ വരുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം തുറമുഖത്തിന്‍റെയായാലും എഐയുടെ വളര്‍ച്ചയായാലും സംസ്ഥാനം പുരോഗതിയുടെ പാതയിലേക്കാണെന്ന് മനോരമ ന്യൂസ് കോണ്‍ക്ലേവ് 2026 ലെ 'വളരാന്‍ എന്ത് വഴി' സെഷനില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍ വിദേശത്തേക്ക് പുതിയ തലമുറ കുടിയേറുന്നത് പോലെ തിരിച്ചുവരാന്‍ കാരണമുണ്ടാകും. കേരളം ആ സ്ഥിതിയിലേക്ക് ഇപ്പോള്‍ വന്നിട്ടില്ല. പക്ഷേ അങ്ങനെ ആക്കാന്‍ കഴിയും.
വ്യവസായ സൗഹൃദമല്ലാതിരുന്നത് നമ്മുടെ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ മുന്‍കാലത്ത് ബാധിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഇടതുപക്ഷത്തെ അടച്ചാക്ഷേപിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കേരളത്തിന്‍റെ പരിസ്ഥിതിക്ക് അനുസരിച്ചുള്ളതാണോ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. എല്ലാ പദ്ധതികളും വേണമെന്ന് പറയാന്‍ കഴിയില്ല. ചില പദ്ധതികള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമാണ് എഐയുട കാര്യത്തില്‍ നല്ല കാര്യക്ഷമതയുള്ള സംസ്ഥാനം. അതിന് വേണ്ട മനുഷ്യ വിഭവം മികച്ച നിലവാരത്തിലുള്ളത് കേരളത്തില്‍ സുലഭമായുണ്ടെന്നും മന്ത്രി വിശദീകരിച്ചു. Also Read: പയ്യന്നൂരിലും തളിപ്പറമ്പിലും ചൂഷക വര്‍ഗത്തിന്‍റെ പാര്‍ട്ടിക്കൊപ്പം നിന്ന് ജയിച്ചവര്‍; തള്ളിപ്പറഞ്ഞ്
അതേസമയം, ലോകത്തെല്ലായിടത്തും എല്ലാം ശുഭമാണെന്ന് കരുതുന്നത് ശരിയല്ല. എല്ലാവര്‍ക്കും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്ക് അങ്ങനെയുണ്ടാവേണ്ട കാര്യമില്ല. ഓരോ സന്ദര്‍ഭത്തിലും അതത് സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ പുതിയ തലമുറയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഇവിടെ പല മേഖലകളിലും പുരോഗതിയുണ്ടായില്ലെന്ന് കരുതി ഇനിയും അങ്ങനെയാകണമെന്നില്ലെന്നും പുതിയ തലമുറയ്ക്ക് ശുഭപ്രതീക്ഷയാകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിദ്യാഭ്യാസം നമുക്കുണ്ട്, പക്ഷേ നൈപുണ്യം വേണ്ടത്രയില്ല. അതിനായുള്ള നടപടികള്‍ ഉണ്ടാകണം. അപ്പോഴാണ് റിവേഴ്സ് മൈഗ്രേഷന്‍ നടക്കുക. അതിനായുള്ള സത്വര നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി. ഇന്‍ക്ലൂസീവ് ഗ്രോത്താണെന്‍റെ സ്വപ്നം. മാറ്റത്തിന്‍റെ ഗുണം എല്ലാവര്‍ക്കും കിട്ടണം. ആ തരത്തിലുള്ള മാറ്റം അടുത്ത 10 വര്‍ഷത്തില്‍ കേരളത്തില്‍ ഉണ്ടാകും. ആളുകുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വിഴിഞ്ഞം ലോകത്ത് കേരളത്തിന് തുറക്കുന്ന അവസരങ്ങള്‍ വളരെ വലുതാണെന്നും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വിപ്ലവകരമായ മാറ്റം വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.