ഗൗതം അദാനി

ഗൗതം അദാനി

  • യു.എസിൽ ഗൗതം അദനിക്കെതിരായ കേസുകൾ റദ്ദാക്കി. സര്‍ക്കാറിന് 170 കോടി രൂപ നല്‍കും

യു.എസില്‍ ഗൗതം അദാനിക്കെതിരായ കേസുകള്‍ റദ്ദാക്കി. എല്ലാ ക്രിമിനല്‍കേസുകളും റദ്ദാക്കുന്നതായി യുഎസ് കോടതി വ്യക്തമാക്കി. യു.എസ് നീതി വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമാണ് നടപടി.  വഞ്ചന, കൈക്കൂലി കേസ് ഉപേക്ഷിക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനം ആശങ്കാജനകമെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് 170 കോടി രൂപ (18 മില്യന്‍ ഡോളര്‍) യുഎസ് സര്‍ക്കാരിന് നല്‍കും. ഇതോടെ 2024 ല്‍ ആരംഭിച്ച നിയമനടപടികളാണ് അവസാനിക്കുന്നത്. 

ഇഎംഐ മുടങ്ങിയാല്‍ ഫോണ്‍ ചെയ്യാന്‍ പറ്റില്ല! ഫോണ്‍ ലോക്ക് ചെയ്യുന്നതില്‍ പുതിയ ആര്‍ബിഐ നിയമം

കേസ് അവസാനിപ്പിക്കാന്‍ കാരണമെന്താണെന്ന് കോടതി പ്രോസിക്യൂട്ടർമാരോട് ആരാഞ്ഞു. യുഎസില്‍ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനിയുടെ മുൻ വാഗ്ദാനം ഈ തീരുമാനത്തെ സ്വാധീനിച്ചോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അദാനിയുടെ അഭിഭാഷകരുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സ്വന്തം നിലയിൽ പരിശോധന നടത്തിയ ശേഷമാണ് കുറ്റങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ട്രെന്റ് മെക്കോറ്റർ പറഞ്ഞു. നിക്ഷേപ തീരുമാനത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഒറ്റയ്ക്ക് തീരുമാനമെടുത്ത ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചു.

വിവിധ ഫെഡറൽ ഓഫീസുകളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുടെ പ്രഫഷനൽ അഭിപ്രായങ്ങൾ ഒഴിവാക്കി ട്രെന്റ് മെക്കോറ്റർ തന്‍റെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളിയത് കുറ്റാരോപണങ്ങൾ ഉപേക്ഷിക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനത്തോടുള്ള  യോജിപ്പായോ കേസിന്റെ യോഗ്യതയെക്കുറിച്ചുള്ള അഭിപ്രായമായോ വ്യാഖ്യാനിക്കരുതെന്ന് ജഡ്ജി എഴുതി. കേസിൽ മറ്റ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തള്ളണമോ എന്ന് തീരുമാനിക്കാൻ കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ അദ്ദേഹം നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു.

ഗൗതം അദാനി, സാഗർ അദാനി, വനീത് ജെയ്ൻ എന്നിവർക്കെതിരെയുള്ളയുള്ള കേസുകളാണ് യു.എസ് കോടതി ഒഴിവാക്കിയത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായുള്ള മൊത്തം ഒത്തുതീർപ്പ് തുകയില്‍ ഗൗതം അദാനിയുടെ 6 മില്യൺ ഡോളറും സാഗർ അദാനിയുടെ 12 മില്യൺ ഡോളറും നല്‍കണം. തട്ടിപ്പ് ആരോപണങ്ങളിൽ കുറ്റം സമ്മതിക്കാതെയാണ് ഒത്തുതീര്‍പ്പിലെത്തിയത്. 2026 മെയ് മാസത്തിൽ യു.എസിന്‍റെ ഇറാന്‍ ഉപരോധങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ അദാനി ഗ്രൂപ്പ് 275 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പിലെത്തിയിരുന്നു. 

2024 ൽ ജോ ബൈഡൻ ‌പ്രസിഡന്റായിരിക്കെയാണു ഗൗതം അദാനി, അനന്തരവൻ സാഗർ എന്നിവരടക്കം ഏഴുപേർക്കെതിരെ യുഎസിൽ കൈക്കൂലി, വഞ്ചനക്കേസുകളെടുത്തത്. ഇന്ത്യയിലെ വൻകിട സൗരോർജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നൽകിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു കേസ്.

1553 കോടി സമാഹരിക്കാന്‍ മില്‍ക്കി മിസ്റ്റ് ഐപിഒ; ഗ്രേ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്

കേസ് നിയമപരമായി നിലനിൽക്കാത്തതുകൊണ്ടാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുഎസ് നീതി വകുപ്പ് ജൂലൈ നാലിന് ഫെഡറൽ കോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു. ഗൗതം അദാനിക്കും മറ്റ് 7 പേർക്കുമെതിരായ കേസ് നയതന്ത്രപരമായി ദോഷം ചെയ്തെന്നും സത്യവാങ്മൂലത്തിൽ നീതിവകുപ്പ് വിശദമാക്കി. അമേരിക്കൻ നിയമപരിധിയിൽ നിൽക്കാത്ത അസ്ഥിരമായ ഈ കേസ് ഒരുവർഷം മുൻപേ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് വാദിച്ച് മേയിലാണ് നീതിവകുപ്പ് കോടതിയിൽ അപേക്ഷ നൽകിയത്. എതിർകക്ഷികളുമായി ഇക്കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ ക്രിമിനൽ കേസ് ഉപേക്ഷിക്കാനുള്ള സർക്കാർ നിലപാട് വിശദീകരിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആവശ്യപ്പെട്ടതോടെയാണു വിശദമായ മറുപടി നൽകിയത്.

ENGLISH SUMMARY:

A U.S. federal court formally dismissed all criminal fraud and bribery charges against Indian billionaire Gautam Adani and his associates following a request from the Department of Justice. To resolve separate civil securities charges with the U.S. Securities and Exchange Commission, the Adani Group agreed to pay an $18 million settlement without admitting guilt. The decision concludes high-profile legal proceedings that began in late 2024 concerning solar energy contracts and investor disclosures. Although the judge finalized the dismissal, he criticized the procedural handling of the case by Justice Department officials.