oushadihd

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുമേഖല സ്ഥാപനമായ ഔഷധിയില്‍ റെക്കോര്‍ഡ് വിറ്റുവരവ്. 214 കോടി രൂപയാണ് വിറ്റുവരവ്. 150 കോടിയില്‍ നിന്നാണ് ഈ വളര്‍ച്ച. അഞ്ചു കോടി രൂപ ലാഭവിഹിതമായി സംസ്ഥാന സര്‍ക്കാരിനു നല്‍കി ഔഷധി വളര്‍ച്ചയിലാണ്. 

പൊതുമേഖല സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഔഷധി അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. റെക്കോര്‍ഡ് വിറ്റുവരവാണ് രെഖപ്പെടുത്തുന്നത്. നവീകരണവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി കണ്ണൂർ സർവകലാശാല, കേരള സർവകലാശാല എന്നിവയുമായി ഗവേഷണ സഹകരണങ്ങൾ സ്ഥാപിച്ചു. ഔഷധി പഞ്ചകർമ്മ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. ഇതിലൂടെ ഗുണനിലവാരത്തിലും രോഗിപരിചരണത്തിലും ദേശീയ നിലവാരം ഉറപ്പാക്കിയിട്ടുണ്ട്. ഔഷധി ഫാക്ടറി ഡബ്യൂഎച്ച്ഒ – ജിഎംപി മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിൽ നവീകരിച്ചു. 

രാജ്യാന്തര നിലവാരമുള്ള ഉൽപ്പാദന സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.  ഗവേഷണ-പരിശോധന ശേഷി വർധിപ്പിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളും സ്ഥാപിച്ചു. 117 പുതിയ ഉൽപ്പന്നങ്ങൾക്ക് ലൈസൻസ് നേടി. ഇവ ഉടൻ വിപണിയിലെത്തും. ശാസ്ത്രഞ്ജനും ഔഷധിയുടെ എം.ഡിയുമായ ഡോക്ടര്‍ ടി.കെ. ഹൃത്വിക്കിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിനു പിന്നില്‍. കേന്ദ്രസർക്കാരിന്‍റെ ഗവണ്‍മെന്‍റ്  ഇ – മാര്‍ക്കറ്റ്പ്ലേസ് പോർട്ടലിൽ അംഗീകാരം നേടിയതോടെ രാജ്യവ്യാപകമായി ഉൽപന്നങ്ങൾ വിപണനം ചെയ്യാം. 

ഔഷധി ക്യാമ്പസിൽ ജലസംരക്ഷണ പദ്ധതികൾ നടപ്പിലാക്കിക്കഴിഞ്ഞു. കണ്ണൂർ പരിയാരത്ത് 40 ഹെക്ടർ സ്ഥലത്താണ് ഔഷധ സസ്യങ്ങളുടെ കൃഷി ആരംഭിച്ചത് . അസംസ്കൃത വസ്തുക്കൾക്കായി 18 അപൂർവ ഔഷധ സസ്യ ഇനങ്ങൾ വിജയകരമായി കൃഷി ചെയ്ത് 100 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.  സസ്യ നഴ്സറി വികസനമാണ് മറ്റൊന്ന്.  പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി ആറു കോടി ചെലവിൽ പുതിയ മാലിന്യസംസ്ക്കരണ പ്ലാന്‍റും സ്ഥാപിച്ചു. 

ENGLISH SUMMARY:

Oushadhi has achieved record sales of ₹214 crore, marking significant growth from its previous ₹150 crore. This success positions Oushadhi as a standout public sector undertaking in Kerala, demonstrating impressive performance and profitability.