ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഐപിഒ ഒരുക്കങ്ങള്‍ തകൃതിയിലാണ്. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ട് സൈബിക്ക് എന്‍എസ്ഇ കരട് രേഖകൾ (DRHP) സമർപ്പിച്ചു. ഏകദേശം 30,000 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് എന്‍എസ്ഇ ലക്ഷ്യമിടുന്നത്. പുതിയ ഓഹരികള്‍ വിറ്റഴിക്കാതെ നിലവിലെ ഓഹരി ഉടമകള്‍ ഓഹരി വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് കമ്പനിയുടെ ഐപിഒ. കമ്പനിയുടെ ആകെ ഓഹരികളുടെ ആകെ ആറു ശതമാനത്തോളം വരുന്ന 14.89 കോടി ഓഹരികളാണ് ഐപിഒയില്‍ വിറ്റഴിക്കുക.
എന്‍എസ്ഇയുടെ ഐപിഒ വരുന്നതോടെ വിവിധ നിക്ഷേപകര്‍ക്ക് കോടികളുടെ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രമുഖ നിക്ഷേപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനിക്ക് 1.58 ശതമാനം ഓഹരികളാണ് എന്‍എസ്ഇയിലുള്ളത്. ഹീറോ ഗ്രൂപ്പ് സ്ഥാപകന്‍ സുനില്‍ കാന്ത് മഞ്ജുള്‍ 0.41 ശതമാനം ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്.
മലയാളിയായ സിദ്ധാര്‍ഥ് ബാലചന്ദ്രന് എസ്എസ്ഇയുടെ 94.3 ലക്ഷം ഓഹരികള്‍ സ്വന്തമായുണ്ട്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയാണ് സിദ്ധാർത്ഥ് ബാലചന്ദ്രൻ. ബിമർക്ക് കോർപ്പറേഷൻ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് അദ്ദേഹം. എന്‍എസ്ഇ കൂടാതെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും അദ്ദേഹത്തിന് നിക്ഷേപമുണ്ച്. ബിഎസ്ഇയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായ സിദ്ധാര്‍ഥിന്‍റെ കയ്യില്‍ 3.01 ശതമാനം ഓഹരികളുണ്ട്.
ഇന്‍ഫോസിസ് സഹസ്ഥാപകനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണന് എന്‍എസ്ഇയുടെ 94.3 ലക്ഷം ഓഹരികള്‍ സ്വന്തമായുണ്ട്. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോനാണ് ഓഹരി പങ്കാളിത്തമുള്ള മറ്റൊരാള്‍. 21 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്. കേരളത്തില്‍ ജവിച്ചതാെണങ്കിലും അദ്ദേഹത്തിന് ഒമാന്‍ പൗരത്വമാണുള്ളത്.
അണ്‍ലിസ്റ്റഡ് വിപണിയില്‍ എന്‍എസ്ഇയുടെ ഒരു ഓഹരിയുടെ വില 2055 രൂപയോളമാണ്. ഐപിഒയില്‍ എന്‍എസ്ഇയുടെ ഒരു ഓഹരിക്ക് 2000 രൂപ വില നിശ്ചയിക്കുകയാണെങ്കില്‍ ക്രിസ് ഗോപാലകൃഷ്ണന്‍റെ കയ്യിലുള്ള ഓഹരികളുടെ മൂല്യം 1885.7 കോടി രൂപയോളം വരും. സിദ്ധാര്‍ഥ് ബാലചന്ദ്രന്‍റെ കയ്യിലുള്ള ഓഹരിമൂല്യം 1863 കോടി രൂപ വരും. പിഎന്‍സി മേനോന്‍റെ ഓഹരികളുടെ മൂല്യം 420 കോടി രൂപയാകും.
എന്‍എസ്ഇയില്‍ നിക്ഷേപമുള്ള കമ്പനികളില്‍ പ്രധാനി എല്‍ഐസിയാണ്. ഏറ്റവും വലിയ ഓഹരി ഉടമയായ എല്‍ഐസിയുടെ കയ്യില്‍ 10.7 ശതമാനം ഓഹരികളുണ്ട്. 26.5 കോടി ഓഹരികളുടെ മൂല്യം ഏകദേശം 50641 കോടി രൂപ വരും. എന്നാല്‍ എല്‍ഐസി ഒറ്റ ഓഹരി പോലും വിറ്റഴിക്കുന്നില്ല. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവ ഒഎഫ്എസില്‍ ഓഹരികള്‍ വിറ്റഴിക്കും.
(ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)