stock-market

ഓഹരി വിപണിയില്‍ ബ്രേക്കില്ലാത്ത ഓട്ടത്തിലാണ് കല്യാണ്‍ ജുവലേഴ്സ് ഓഹരി. സ്വര്‍ണ വില കുതിക്കുന്നതും നികുതി വര്‍ധിപ്പിച്ചതും അടക്കം വിപണിയില്‍ അസ്ഥിരതയാണെങ്കിലും നാലു ദിവസമായി തുടരുന്ന റാലിയില്‍ ഓഹരി 47 ശതമാനം മുന്നേറി. ഇന്ന് 10.44 ശതമാനം നേട്ടത്തില്‍ 525 രൂപയിലാണ് ഓഹരി. നാലു ദിവസത്തെ കുതുപ്പില്‍ വിപണി മൂല്യം 16500 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനവും ബ്രോക്കറേജുകള്‍ നല്‍കിയ മികച്ച ലക്ഷ്യവിലയുമാണ് ഓഹരിയുടെ കുതിപ്പിന് പിന്നില്‍. 

വിപണി പ്രതീക്ഷിച്ചതിനും മുകളിലായിരുന്നു കമ്പനിയുടെ ആദ്യ പാദ സാമ്പത്തിക ഫലം. കമ്പനിയുടെ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 38 ശതമാനം മുന്നേറ്റമാണുണ്ടായത്. നിലവിലുള്ള സ്റ്റോറുകളിലൂടെ തന്നെ കമ്പനി മികച്ച വില്‍പന ഉണ്ടാക്കിയത് വരുമാനത്തില്‍ നേട്ടമായി. 28 ശതമാനമാണ് സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത്. രാജ്യാന്തര ബിസിനസ് 35 ശതമാനം വര്‍ധിച്ചു. വരുമാനത്തിന്‍റെ 14 ശതമാനമാണ് രാജ്യാന്തര ബിസിനസില്‍ നിന്നുള്ളത്. 

അതേസമയം തന്നെയാണ് ബ്രോക്കറേജ് സ്ഥാപനമായ സിറ്റിഗ്രൂപ്പ് ഓഹരിയുടെ ലക്ഷ്യവില (Target Price) ഉയര്‍ത്തിയത്. ഓഹരി വില 750 രൂപയിലേക്ക് എത്താം എന്നാണ് ബ്രോക്കറേജ് പറയുന്നത്. . കമ്പനിയിലെ ഭാവിയിലെ വരുമാന വളർച്ച പ്രതീക്ഷിച്ചാണ് ബ്രോക്കറേജിന്റെ പ്രവചനം. ഓഹരിക്ക് അനുകൂലമായ സാഹചര്യമെന്നാണ് ടെക്നിക്കല്‍ വിലയിരുത്തല്‍. 

ഓഹരിയില്‍ ബ്രേക്ക്ഔട്ട് നടന്ന സൂചനകളാണ് എസ്.ബി.ഐ സെക്യൂരിറ്റീസിന്റെ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ്സ് റിസർച്ച് ഹെഡ് ആയ സുദീപ് ഷാ വ്യക്തമാക്കുന്നത്. ട്രേഡിങ് വോളിയത്തിലെ വര്‍ധനവും ആര്‍എസ്ഐ 60 തിന് മുകളില്‍ തുടരുന്നതും അനുകൂലമാണെന്നും അദ്ദേഹം പറയുന്നു. 425-430 രൂപയാണ് അദ്ദേഹം പറയുന്ന സ്റ്റോപ്പ് ലോസ്. 

(ഇതൊരു സാമ്പത്തിക ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തമായി പഠനം നടത്തുകയോ വിദഗ്ദ്ധരുടെ ഉപദേശം തേടുകയോ ചെയ്യുക.)

ENGLISH SUMMARY:

Kalyan Jewellers' stock is witnessing a remarkable rally, surging 47% over the last four days to reach ₹525, adding ₹16,500 crore to its market capitalization. This growth is driven by stellar first-quarter financial results, including a 38% increase in consolidated revenue and significant same-store sales growth. Boosted by strong performance, brokerage firm Citigroup has raised the stock's target price to ₹750, citing robust future earnings potential. Technical analysts also highlight a positive breakout for the stock, supported by increased trading volumes and favorable momentum indicators.