Ai Generated Image
ടാറ്റ ക്യാപിറ്റലിന്‍റെ സ്വര്‍ണപണയ ബിസിനസിലേക്കുള്ള ചുവട്‍വെയ്പ്പ് കേരള കമ്പനിയിലൂടെയാണ്. തൃശൂരിലെ ചെറിയ കുറി കമ്പനിയായി തുടങ്ങിയ യോഗക്ഷേമം ലോണ്‍സ് (യോഗ് ലോണ്‍സ്) ഇനി ടാറ്റ കുടുംബത്തിലെ അംഗമാകും. നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് ഓഹരി വാങ്ങുന്നതിനൊപ്പം കമ്പനിയുടെ ഭാവി വളര്‍ച്ച്ക്കായി 93 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും. 318 കോടി രൂപയുടെ ഇടപാടിലൂടെയാണ് യോഗക്ഷേമം ലോണ്‍സിനെ ടാറ്റ ക്യാപിറ്റല്‍ സ്വന്തമാക്കുന്നത്.
1991 ല്‍ തൃശൂര്‍ അന്തിക്കാട്ട് ഗ്രാമത്തില്‍ ആരംഭിച്ച കുറി കമ്പനിയാണ് ഇന്ന് ടാറ്റ ഫാമിലിയിലേക്ക് എത്തുന്നത്. യോഗക്ഷേമം കുറീസ് ആന്‍ഡ് ലോൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ എന്‍.ഡി നാരായണനാണ് കമ്പനി ആരംഭിക്കുന്നത്. 2000 ത്തില്‍ തന്നെ കമ്പനിക്ക് എന്‍ബിഎഫ്സി രജിസ്ടേഷന് ലഭിച്ചു. 2015 ലാണ് കമ്പനിയുടെ ഇന്നത്തെ രൂപത്തിലേക്കുള്ള മാനേജ്മെന്‍റ് മാറുന്നത്.
ബോട്സ്വാന ആസ്ഥാനമായുള്ള ചോപ്പീസ് ഗ്രൂപ്പിന്‍റെ രാമചന്ദ്രൻ ഒറ്റപ്പാത്ത്, ഐ. ഉണ്ണികൃഷ്ണൻ എന്നിവര്‍ കമ്പനിയില്‍ നിക്ഷേപം നടത്തുകയും കമ്പനിയിലേക്ക് പുതിയ മൂലധനം കൊണ്ടുവരികയും ചെയ്തു. പിന്നീട് 2021 ലാണ് കമ്പനി യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറി.
പുതിയ നിക്ഷേപങ്ങള്‍ക്ക് മുന്‍പ് 318 കോടി രൂപ കമ്പനിയുടെ മൂല്യം കണക്കാക്കി പൂര്‍ണായും പണം നല്‍കിയുള്ള ഇടപാടാണ് ടാറ്റ ക്യാപിറ്റല്‍സ് നടത്തുക. ഐ. ഉണ്ണികൃഷ്ണൻ, എം. സത്യലക്ഷ്മി, അഭിജിത്ത് ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, ജലജകുമാരി രാമചന്ദ്രൻ, വിദ്യ സനൂജ്, എം. സത്യനാരായണൻ എന്നിവരാണ് യോഗക്ഷേമത്തിന്‍റെ ഓഹരികള്‍ വിൽക്കുക.
ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ തലപ്പത്ത് നിലവിലെ പ്രമോട്ടറായ ഐ ഉണ്ണികൃഷ്ണന്‍ തുടരും. 2026 മാര്‍ച്ചിലെ കണക്കുപ്രകാരം 708 കോടി രൂപയുടെ സ്വര്‍ണപണയ വായ്പകള്‍ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിലും കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 162 ബ്രാഞ്ചുകള്‍ കമ്പനിക്കുണ്ട്.
റീട്ടെയില്‍ വായ്പകളില്‍ സ്വര്‍ണപണയ വായ്പകളുടെ വളര്‍ച്ച വലിയതോതിലാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനം വളര്‍ന്ന് 19 ലക്ഷം കോടി രൂപയിലേക്കാണ് സ്വര്‍ണപണയ വായ്പകളെത്തിയത്. ഇതാണ് ഈ രംഗത്തേക്ക് കടക്കാന്‍ ടാറ്റ ക്യാപിറ്റല്‍സിനെ ചിന്തിപ്പിച്ചത്. പുതിയ ബിസിനസിലേക്ക് കടന്നെങ്കിലും ടാറ്റ ക്യാപിറ്റലിന്‍റെ ഓഹരികള്‍ ഇന്നും നഷ്ടടത്തിലാണ്. ചൊവ്വാഴ്ച 1.37 ശതമാനം ഇടിവില്‍ 356 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.