AI Generated Image

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു. ഇറാനിലെ പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് നേരെയും ലബനനിലെ വിവിധ കേന്ദ്രങ്ങൾക്കും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളാണ് എണ്ണവിലയിലെ വലിയ വർധനയ്ക്ക് കാരണമായത്. ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനത്തിലധികം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ബ്രെന്റ് ക്രൂഡ്  ബാരലിന് 97.15 ഡോളറിലേക്ക് ഉയര്‍ന്നു. യു.എസ് ക്രൂഡ്  ബാരലിന്  94.61 ഡോളറിലേക്കും ഉയർന്നു. മാർച്ച് മാസത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 120 ഡോളർ വരെ എത്തിയതിന് ശേഷം വില അല്പം കുറഞ്ഞിരുന്നെങ്കിലും വീണ്ടും വര്‍ധിക്കുകയാണ്. ഇറാന്‍– ഇസ്രയേല്‍– യുഎസ് സംഘര്‍ഷത്തിന് പിന്നാലെ എണ്ണവിലയിൽ ഏകദേശം 60 ശതമാനത്തോളം വർധനവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ മേഖലയിലെ യുദ്ധാന്തരീക്ഷം അയയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വീണ്ടും നേരിട്ടുള്ള ആക്രമണം ഇറാനും ഇസ്രായേലും ആരംഭിച്ചതിന് പിന്നാലെ വിപണിയിൽ ആശങ്ക തുടരുകയാണ്.

വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതോടെ  ലോകത്തെ എണ്ണ വിതരണത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയും മങ്ങി. ഹോർമുസ് കടലിടുക്ക് തുറന്നുപ്രവർത്തിക്കുമെന്നും എന്നാൽ ഇറാന്‍ നിശ്ചയിക്കുന്ന പുതിയ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും ഗതാഗതമെന്നും ഇറാനിയൻ അംബാസഡർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഗതാഗത ഫീസും ഉൾപ്പെടുന്നുണ്ട്. എണ്ണ വിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഉപരോധവും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും കാരണം ഈ തീരുമാനം വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നേര്‍ക്കുനേര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ലബനനില്‍ വെടിനിര്‍ത്തലിനിടെ ഇസ്രയേല്‍ ഹിസ്ബുല്ല കേന്ദ്രങ്ങളെ ആക്രമിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്ത ഇറാന്‍റെ മിസൈലുകള്‍ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പ്രകോപനത്തില്‍ വീഴരുതെന്നും തിരിച്ചടിക്കരുതെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നു.

ഏപ്രിലില്‍ വെടിനിര്‍ത്തല്‍ വന്നശേഷം ആദ്യമായാണ് ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ടെഹ്റാനില്‍ ഉള്‍പ്പെടെ പ്രമുഖ മൂന്ന് നഗരങ്ങളില്‍ നാശമുണ്ടായി. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ തെക്കുപടിഞ്ഞാറന്‍ മഹ്‌ഷഹർ പെട്രോകെമിക്കൽ പ്ലാന്റിലും മിസൈല്‍ പതിച്ചു.  സമാധാന ചര്‍ച്ചകള്‍ തുടരുമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാടെങ്കിലും വീണ്ടും സംഘര്‍ഷം ഉടലെടുത്തത് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ഇസ്രയേല്‍ നിലപാടിനോട് വിയോജിപ്പുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് പലവട്ടം വ്യക്തമാക്കിയിരുന്നു. ഹിസ്ബുല്ലയ്ക്കെതിരായ വെടിനിര്‍ത്തലും സമാധാന കരാറിന്‍റെ ഭാഗമാക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.

ENGLISH SUMMARY:

Crude oil prices experienced a sharp jump in the international market as direct military hostilities between Israel and Iran resumed, erasing hopes for a sustained ceasefire. Brent Crude futures rallied to $97.15 per barrel, while US crude futures followed suit, reaching $94.61, marking a significant inflationary pressure linked to the ongoing regional crisis. The market is particularly sensitive to the situation surrounding the Strait of Hormuz, a critical global oil artery, where Iranian officials have indicated that transit may now be subject to new, restrictive conditions and potential fees. Although OPEC Plus had previously pledged to increase production, experts warn that the direct strikes on Iranian petrochemical facilities and the heightened risk to shipping lanes will likely neutralize any relief from increased supply. With cumulative oil price gains reaching nearly 60% since the conflict began, investors remain deeply concerned that the breakdown in peace talks will lead to even greater volatility in energy markets.