ഫയല്‍ ചിത്രം.
മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഞായറാഴ്ച ബജറ്റ് അവതരണം നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച തിരുവനന്തപുരം– കണ്ണൂര്‍ അതിവേഗ റെയില്‍ എന്നിവ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, റബറിന് താങ്ങുവില വര്‍ധിപ്പിക്കാന്‍ ധനസഹായം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.
ആദായനികുതി സ്ലാബില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിച്ചേക്കും. പതിവുപോലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേത്ിക മേഖലയ്ക്കും പ്രോല്‍സാഹനം ലഭിക്കും. ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു. രാവിലെ 11 മണിക്കാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം. കേന്ദ്ര ബജറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ഓഹരി ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. തീരുവ നയങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇന്ത്യൻ വിപണിയെ തളർത്തിയ പശ്ചാത്തലത്തിൽ, നിർമ്മല സീതാരാമന്റെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ.
ആഗോള വെല്ലുവിളികൾക്കിടെ ഇന്ത്യൻ ഓഹരി വിപണി വലിയൊരു പരീക്ഷണ ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കനത്ത 'തിരിച്ചടി തീരുവ' പ്രഖ്യാപനങ്ങൾ സൃഷ്ടിച്ച ആഘാതം ഇന്ത്യൻ വിപണിയിൽ ഇപ്പോഴും തുടരുകയാണ്. വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിന്മാറുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിക്ക് കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ് നിക്ഷേപക ലോകം ഉറ്റുനോക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ഓഹരി സൂചികകൾ നേട്ടത്തിന്റെ പാതയിലായിട്ടും ഇന്ത്യൻ വിപണിയിൽ നഷ്ടക്കണക്കുകളാണേറെ. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷവും ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും വിപണിയെ കൂടുതൽ അസ്ഥിരമാക്കുന്നു. ഈ പ്രതിസന്ധിക്കിടയിൽ വിപണിയിൽ ആത്മവിശ്വാസം നിറയ്ക്കുന്ന പദ്ധതികൾക്കായാണ് കാത്തിരിപ്പ്. സാധാരണയായി ബജറ്റ് ദിനങ്ങളിൽ വിപണിക്ക് അവധി നൽകാറില്ലെങ്കിലും ഇത്തവണത്തെ പ്രവർത്തനം ഏറെ നിർണ്ണായകമാണ്. സാധാരണ പ്രവൃത്തിദിനങ്ങളിലെ പോലെ രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെയായിരിക്കും വിപണികൾ പ്രവർത്തിക്കുക. ഓരോ പ്രഖ്യാപനത്തോടും തത്സമയം പ്രതികരിക്കാൻ നിക്ഷേപകർക്ക് ഇതിലൂടെ സാധിക്കും.