പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി യു.എസ് പ്രതിനിധിസംഘം ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാനിലേക്കില്ല. സന്ദര്‍ശനം റദ്ദാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യു.എസ് പ്രതിനിധികളെ കാത്തു നില്‍ക്കാതെ പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയതിന് പിന്നാലെയാണ് യു.എസും പാക്ക് യാത്ര റദ്ദാക്കിയത്. 

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയിരുന്നു. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംയുക്ത പ്രതിരോധ മേധാവി അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അരഗ്ചി മടങ്ങുന്നത്. യുഎസ്–ഇറാൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. 

പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നര്‍ എന്നിവരാണ് യു.എസിന്‍റെ പ്രതിനിധികളായി പാക്കിസ്ഥാനിലേക്ക് വരേണ്ടിയിരുന്നത്. ഇറാന്‍റെ നീക്കത്തിന് പിന്നാലെ യു.എസ് സംഘത്തിന്‍റെ യാത്ര റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  പറഞ്ഞു. ചര്‍‌ച്ചയ്ക്കായി 18 മണിക്കൂര്‍ യാത്ര ചെയ്ത് വരാന്‍ തക്കതായി ഒന്നുമില്ലെന്നാണ് ട്രംപിന്‍റെ വാദം. 'കുറച്ച് സമയം മുമ്പ് അവര്‍ തിരിക്കാൻ തയ്യാറെടുക്കുകയായിരുന്നു, അവിടെ പോയിരിക്കാൻ വേണ്ടി മാത്രം നിങ്ങൾ 18 മണിക്കൂർ വിമാനയാത്ര ചെയ്യേണ്ടതില്ലെന്ന് പറഞ്ഞു. അവർക്ക് എപ്പോൾ വേണമെങ്കിലും നമ്മളെ വിളിക്കാം' എന്നാണ് ട്രംപ് ഒരു മാധ്യമത്തോട് പറഞ്ഞത്.

യുഎസുമായുള്ള വെടിനിർത്തലിലെ ഏറ്റവും പുതിയ വിവരങ്ങൾ പാക്ക് നേതാക്കളുമായി ചർച്ച ചെയ്തെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിലപാടുകൾ അറിയിച്ചെന്നും അരഗ്ചി പ്രസ്താവനയിൽ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾ തുടരാൻ പാക്കിസ്ഥാൻ തയാറാണെന്ന് അസിം മുനീർ പറഞ്ഞു. എന്നാൽ, ആണവ നിരായുധീകരണം ഉൾപ്പെടെയുള്ള യുഎസിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം യുഎസ് അവസാനിപ്പിച്ചാലേ ചർച്ചയിൽ പങ്കെടുക്കൂവെന്നാണ് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നത്. ആണവപദ്ധതിയിൽനിന്ന് പിന്മാറുമെന്നും ഹോർമുസിലെ തടസങ്ങൾ നീക്കുമെന്ന് ഇറാൻ ഉറപ്പുനൽകണമെന്നാണ് യുഎസിന്റെ ആവശ്യം.

ചർച്ച നടക്കാനിരുന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ് ആറു ദിവസമായി കടുത്ത സുരക്ഷാ ലോക്‌ഡൗണിലാണ്. ഏപ്രിൽ 11ന് നടന്ന ആദ്യവട്ട ചർച്ചയുടെ സമയത്തും ഇസ്‌ലാമാബാദിൽ വൻ സുരക്ഷയേർപ്പെടുത്തിയിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ഇന്നലെ രാത്രിയോടെ ഇസ്ലാമാബാദിലെത്തിയെങ്കിലും യുഎസുമായി നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ, ഇറാന്‍ തുറമുഖത്തേക്ക് സഞ്ചരിക്കാന്‍ ശ്രമിച്ച ഇറാന്‍ പതാകയുള്ള കപ്പലിനെ യുഎസ് യുദ്ധക്കപ്പലായ യു.എസ്.എസ്. റാഫേല്‍ പെരാള്‍ട്ട തടഞ്ഞെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ENGLISH SUMMARY:

US Pakistan talks regarding the Middle East conflict have been canceled. This decision by US President Donald Trump follows the departure of Iranian representatives from Pakistan.