ബജറ്റു പ്രഖ്യാപനങ്ങള്‍ക്കൊപ്പം ധനമന്ത്രി നിർമല സീതാരാമന്റെ സ്റ്റൈൽ എന്നും ചര്‍ച്ചയായകാറുണ്ട്. സാരിയിലെ വെറൈറ്റിയാണ് ബജറ്റ് അവതരണത്തിനായി നിർമല എത്തുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന കാര്യം. ഇത്തവണയും പതിവ് തെറ്റിച്ചില്ല. തമിഴ്‌നാടിന്‍റെ പുരാതനമായ നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ച് കാഞ്ചീപുരം സാരിയാണ് നിര്‍മല ധരിച്ചത്. ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ 'ബഹി-ഖാത'യ്ക്കൊപ്പം നിര്‍മലാ സീതാരാമന്‍ എത്തിയപ്പോള്‍ ആകര്‍ഷിച്ചതും സാരി തന്നെ.
മെറൂണ്‍ കാഞ്ചീപുരം സാരിയാണ് നിര്‍മലാ സീതാരാമന്‍ ധരിച്ചത്. വ്യത്യസ്ത ബോർഡറും ലളിതമായ സ്വർണ നിറത്തിലുള്ള ഡിസൈനുമാണ് സാരിയിലുള്ളത്. മഞ്ഞ ബ്ലൗസ് ആയിരുന്നു ഇതിനൊപ്പം ധരിച്ചിരുന്നത്. സർക്കാരിന്‍റെ "വൊക്കൽ ഫോർ ലോക്കൽ" ക്യാമ്പെയ്‌നില്‍ ഉള്‍പ്പെട്ട പരമ്പരാഗത തുണിത്തരങ്ങളെയും കരകൗശല തൊഴിലാളികളെയും ആഗോള ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. തുടര്‍ച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡും ഇത്തവണ നിര്‍മല സീതാരാമനുണ്ട്.
Also Read: ബജറ്റും ധനമന്ത്രിയുടെ സാരിയും
കഴിഞ്ഞ വര്‍ഷം ബീഹാറിലെ മധുബനി സാരിയായിരുന്നു നിര്‍മലാ സീതാരാമന്‍ ധരിച്ചിരുന്നത്. ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിന്‍റെ മാതൃകയിൽ എംപ്രോയിഡറി വർക്കും ഗോൾഡൻ ബോഡറുമാണ് ഉള്ളത്. റെഡ് നിറത്തിലുള്ള ബ്ലൗസുമാണ് നിർമല ധരിച്ചിരിക്കുന്നത്. തൊട്ടുമുന്‍വര്‍ഷം ട്രെഡീഷനൽ ടെമ്പിൾ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു ധനമന്ത്രി തിരഞ്ഞെടുത്തത്.
ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി എത്തിയതാകട്ടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയില്‍. സ്വദേശി വസ്ത്രത്തിന്‍റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേര്‍ത്തിരുന്നത്.