കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞപ്പോള് ജീവനക്കാര്ക്ക് നാലു കോടി രൂപ വീതം നല്കി മുതലാളി. യു.എസിലെ ലൂസിയാനയിലെ പവര് നിര്മാണ കമ്പനി ഫൈബർബോണ്ടിന്റെ ഉടമയായ ഗ്രഹാം വാക്കറിയുടെ തീരുമാനമാണ് ജീവനക്കാരുടെ കീശ നിറച്ചത്. കമ്പനിയുടെ പ്രതിസന്ധി ഘട്ടത്തിലും വിശ്വസ്തത പുലർത്തിയതിനാണ് ഓഹരി ഉടമകളല്ലാതിരുന്നിട്ടും ജീവനക്കാരെ ഇത്തരത്തില് പരിഗണിച്ചതെന്ന് വാക്കര് വാള്സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
പവര്, ടെലികോം കമ്പനിയാണ് ഫൈബർബോണ്ട്. രാജ്യാന്തര പവര് മാനേജ്മെന്റ് കമ്പനിയായ ഇറ്റോണ് ഈയിടെ ഫൈബർബോണ്ടിനെ വാങ്ങിയിരുന്നു. 15,271 കോടി രൂപയ്ക്കായിരുന്നു ഇടപാട്. വില്പ്പനയുടെ 15 ശതമാനം കമ്പനിയിലെ ജീവനക്കാര്ക്ക് നല്കുമെന്നായിരുന്നു ഫൈബർബോണ്ടിന്റെ ചീഫ് എക്സിക്യൂട്ടിവായിരുന്ന ഗ്രഹാം വാക്കറി പ്രഖ്യാപിച്ചത്.
ഇതോടെ കമ്പനി ജീവനക്കാര്ക്ക് 2250 കോടി രൂപയുടെ ബോണസാണ് ലഭിച്ചത്. 540 മുഴുവന് സമയ ജീവനക്കാര്ക്കായി ഈ തുക വീതിക്കും. ഒരാള്ക്ക് ഏകദേശം നാലു കോടി രൂപയോളം ലഭിക്കും. ഉടമസ്ഥതയേക്കാള് മികച്ചതാണ് ജീവനക്കാരുടെ പ്രതിബദ്ധതയെന്ന് വാക്കര് വാള്സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. കമ്പനിയിലുണ്ടായ തീപിടുത്തത്തിലും പിരിച്ചുവിടല്, ശമ്പളം വെട്ടിക്കുറയ്ക്കല്, ഓര്ഡറുകള് കുറഞ്ഞ സമയം എന്നീ ഘട്ടങ്ങളിലും അവര് ഉറച്ചു നിന്നതായി വാക്കര് പറഞ്ഞു.
1980 തില് സ്ഥാപിച്ച ഫൈബര്ബോണ്ടിന്റെ പ്രവര്ത്തനം അത്ര സുഗമമായിരുന്നില്ല. 1990 ല് ഫാക്ടറി കത്തി നശിച്ചു. മാന്ദ്യവും ബിസിനസ് തകര്ച്ചയും അനുഭവിച്ച കാലത്ത് ശമ്പളം വെട്ടിക്കുറക്കലടക്കം ജീവനക്കാര് നേരിട്ടു. എന്നാല് കമ്പനിയില് മികച്ചൊരു വര്ക്ക് കള്ച്ചറുണ്ടാക്കാന് ഇക്കാലത്തിനിടയിലും മാനേജ്മെന്റിന് സാധിച്ചു. വ്യക്തിഗത പ്രകടന ബോണസുകൾക്ക് പകരം ഗ്രൂപ്പ് ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും സുരക്ഷ ഉറപ്പാക്കാനും സഹപ്രവർത്തകർ പരസ്പരം ആശ്രയിക്കുന്ന അന്തരീക്ഷമാണ് കമ്പനിയിലുണ്ടായിരുന്നത്.