വഴിയരികിലെ കച്ചവടത്തിലൂടെ ദിവസം ഒരു ലക്ഷം രൂപ വരുമാനം! ആരെയും ഞെട്ടിപ്പിക്കുന്ന വഴിയോര കച്ചവടമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. യൂട്യൂബര്‍ കാസി പെരേര പങ്കുവച്ച വിഡിയോയിലാണ് മോമോസ് കച്ചവടക്കാരന്‍ ദിവസം ഒരു ലക്ഷം വരുമാനം നേടുന്നു എന്ന കാര്യം പറയുന്നത്. ബികോം ബിരുദധാരിയേക്കാള്‍ വരുമാനം ലഭിക്കുമോ എന്നറിയാനായി ഒരു ദിവസം മോമോസ് കടയില്‍ സഹായിയായി നിന്നാണ് കാസി പെരേര വിഡിയോ ചെയ്തത്.
ബെംഗളൂരുവില്‍ റോഡരികില്‍ മോമോസ് വില്‍പ്പന നടത്തുന്ന കെകെ മോമോസ് സ്റ്റാളിലാണ് യൂട്യൂബര്‍ സഹായിയായി എത്തിയത്. രാവിലെ മുതല്‍ കടയില്‍ തിരക്കുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 118 പ്ലേറ്റ് മോമോസാണ് വില്‍പ്പന നടത്തിയതെന്ന് വിഡിയോ പറയുന്നു. ഒരു പ്ലേറ്റിന് 110 രൂപയാണ് ഈടാക്കുന്നത്.
വൈകീട്ടോടെ കടയില്‍ നിന്നും ആകെ വിറ്റത് 950 പ്ലേറ്റ് മോമോസ് ആണെന്നാണ് വിഡിയോ അവകാശപ്പെടുന്നു. ഈ കണക്കു പ്രകാരം 1,04,500 രൂപയാണ് കടയിലെ ദിവസവരുമാനം. മാസത്തില്‍ 31.35 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു. കഠിനാധ്വാനവും സ്ഥിരതയുമാണ് ലക്ഷങ്ങള്‍ നേടാന്‍ സഹായകമാകുന്നതെന്ന് വിഡിയോയില്‍ പറയുന്നു.
വിഡിയോയോട് സംശയം പ്രകടിപ്പിച്ച പലരും രംഗത്തെത്തി. ഒരു മണിക്കൂറില്‍ 118 പ്ലേറ്റ് മോമോസ് വില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ചോദ്യം. അവകാശവാദങ്ങള്‍ തെറ്റായിരിക്കാം എന്നാണ് മറ്റൊരു കമന്‍റ്. റോഡരികിലെ കടയില്‍ 110 രൂപയ്ക്ക് മോമോസ് വില്‍ക്കാന്‍ സാധ്യതയില്ലെന്നും 900 ത്തിലധികം പ്ലേറ്റ് മോമോസ് വില്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് കമന്‍റ്സില്‍ പറയുന്നത്. വൈറലായതിന് പിന്നാലെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.