മലബാർ ഗ്രൂപ്പിന്റെ 33-ാം വാർഷിക ദിനത്തോടനുബന്ധിച്ച് മാനേജ്‌മെന്‍റ് അംഗങ്ങളും ജീവനക്കാരും ചേർന്ന് കോഴിക്കോട് ബീച്ചും പരിസരവും വൃത്തിയാക്കി. 600ല്‍ അധികം ജീവനക്കാർ പങ്കെടുത്ത ശുചീകരണ പരിപാടി കോഴിക്കോട് സബ് കളക്ടർ എസ്.ഗൗതം രാജ് ഉദ്ഘാടനം ചെയ്തു. നാട് വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു.
മലബാർ ഗ്രൂപ്പ് തുടർന്നുവരുന്ന സന്നദ്ധ ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ബീച്ചും പരിസരവും ശുചീകരിച്ചത്. ജീവനക്കാർക്കിടയിൽ സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയായിരുന്നു ശുചീകരണം. 600 ഓളം ജീവനക്കാരും മാനേജ്മെന്‍റ് അംഗങ്ങളും ഒരുമിച്ചപ്പോൾ ബീച്ചും പരിസരവും വൃത്തിയായി.
വിവിധ സി എസ് ആർ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് ലാഭത്തിന്റെ 5% നീക്കിവെക്കുന്നുണ്ട്. വിശപ്പ് രഹിത ലോകം, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.