ഡിസെബിലിറ്റി ഫെസ്റ്റിവല്‍ നടക്കുന്ന കോഴിക്കോട്ടെ കടപ്പുറത്തെ മരണത്തണലില്‍ ഒരുക്കിയ ഒരു ബോട്ടില്‍ ആര്‍ട്ട് ഉണ്ട്. ഭിന്നശേഷിക്കാരിയായ മകള്‍ക്ക് 20 വര്‍ഷമായി തണലായി നില്‍ക്കുന്ന ഒരച്ഛന്‍ ഒരുക്കിയ നോവിന്‍റെ ഇന്‍സ്റ്റലേഷന്‍.
മരച്ചില്ലിലെ നിറങ്ങള്‍ക്കിടയില്‍ മങ്ങിയ കുറേ മരുന്നു കുപ്പികള്‍.. ചുറ്റും സിറിഞ്ച്. അടുക്കും ചിട്ടയോടെയും മരച്ചില്ല അലങ്കരിക്കുന്ന കോഴിക്കോട് മൂടാടി സ്വദേശി യൂസഫ്. കടപ്പുറത്തെ മരച്ചില്ലയില്‍ അദ്ദേഹം തൂക്കുന്ന ഈ മരുന്നുകുപ്പികള്‍ക്ക് പറയാന്‍ ജീവന്‍റെ കഥയുണ്ട്. നീറുന്ന വേദനയില്‍ ഒരച്ഛനൊരുക്കിയ പ്രതീക്ഷയുടെ ഇന്‍സ്റ്റലേഷന്‍ അപസ്മാരബാധിതയായ ഭിന്നശേഷിക്കാരി മകള്‍ക്ക് ജീവന്‍നല്‍കുന്ന, അവള്‍ കഴിച്ചുതീര്‍ത്ത മരുന്നുകളുടെ കുപ്പികളാണ് യൂസഫ് ചങ്ങരോത്ത് ഇന്‍സ്റ്റലേഷനായി ഒരുക്കിയത്. മകള്‍ ഷദയ്‌ക്കൊപ്പം അസുഖങ്ങളോടെങ്ങനെ പൊരുതുന്നുവെന്ന് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഹ്യൂമന്‍ ലൈബ്രറി എന്ന കാഴ്ചപാടിലൂടെ ഈ കുടുംബം
യൂസഫ് ചങ്ങരോത്ത് ഷദയ്ക്കിന്ന് 20 വയസുണ്ട്. ഒന്നാം വയസില്‍ അപസ്മാരമുണ്ടായി. പിന്നീട് പതിമൂന്നാം വയസില്‍ റെറ്റ് സിന്‍ഡ്രോം ആണെന്നു തിരിച്ചറിഞ്ഞു. ഗള്‍ഫിലായിരുന്ന പിതാവ് യൂസഫ് പത്തുവര്‍ഷമായി അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി മകള്‍ക്കൊപ്പമുണ്ട്. ജീവിതം തളര്‍ത്തുമ്പോഴും അവള്‍ക്ക് കൈത്താങ്ങായി ഇടവും വലവും നിഴലുപോലെ ഈ അച്ഛനും അമ്മയുമുണ്ട്...