മുഹൂര്‍ത്ത വ്യാപാരത്തിന്‍റെ ഭാഗമായുള്ള ഒരു മണിക്കൂര്‍ പ്രത്യേക ട്രേഡിങ് സെഷനില്‍ വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 63 പോയിന്‍റ് ഉയര്‍ന്ന് 84,426.34 ലും നിഫ്റ്റി 25 പോയിന്‍റ് ഉയര്‍ന്ന് 25,868.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്സും നിഫ്റ്റിയും ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
ഉയർന്ന നിലയിൽ വ്യാപാരം ആരംഭിച്ച ശേഷം സൂചികകളില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ലാഭമെടുപ്പിന് ശേഷം സെൻസെക്സ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 250 പോയിന്റ് താഴ്ന്നു. നിഫ്റ്റി ഉയരത്തില്‍ നിന്നും 66 പോയിന്റ് താഴ്ന്നു. സിപ്ല (1.58%), ബജാജ് ഫിൻസെർവ് (1.18%), ഇൻഫോസിസ് (0.69%) എന്നിവയാണ് മുഹൂര്‍ത്ത വ്യാപാര സമയത്ത് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയവ. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലായി.
സെക്ടറല്‍ സൂചികകളില്‍ ഭൂരിഭാഗവും നേട്ടത്തിലാണ്. നിഫ്റ്റി മീഡിയ (0.56%), മെറ്റല്‍ (0.40%), ഫാര്‍മ (0.34%) എന്നിവ നേട്ടമുണ്ടാക്കി. നിഫ്റ്റി റിയലിറ്റി, പിഎസ്‍യു ബാങ്ക്, നിഫ്റ്റി ബാങ്ക് എന്നിവ നേരിയ നഷ്ടത്തിലാണ്.