എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ്, അത്ര കേട്ടുപരിചയമില്ലാത്ത ഓഹരിയാണെങ്കിലും ഇന്നലെ ഓഹരി കുതിച്ചത് 15%. ഓഹരി കയ്യിലുള്ളവരെന്തായാലും ഞെട്ടി! എന്താണ് വില വർധനവിന് അടിസ്ഥാനം. മികച്ച നേട്ടത്തോടെ ലിസ്റ്റ് ചെയ്ത എൽജി ഇലക്ട്രോണിക്സ് ഓഹരിയിലുണ്ടായ വാങ്ങൽ താൽപര്യം മുതലാക്കിയതാണ് എൽജി ബാലകൃഷ്ണ. ലിസ്റ്റിംഗിന് പിന്നാലെ എൽജി ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചതോടെ പേരിൽ എൽജിയുള്ള ഓഹരി നേട്ടമുണ്ടാക്കി.
4,372 കോടി രൂപ വിപണിമൂല്യമുള്ള ഓട്ടോ ഘടകങ്ങൾ നിർമ്മിക്കുന്ന കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിയാണ് എൽജി ബാലകൃഷ്ണ. എൽജി ഇലക്ട്രോണിക്സിന് വാങ്ങാനുള്ള തിടുക്കത്തിൽ ഓർഡറുകൾ തെറ്റായി ലഭിച്ചത് എൽജി ബാലകൃഷ്ണനായിരുന്നുവെന്ന് ബ്രോക്കർമാർ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച ഓഹരി വില 15 ശതമാനം വർധിച്ച് 1600 രൂപ വരെയെത്തി. 1,390 രൂപയിലാണ് കഴിഞ്ഞ ദിവസം ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
നിക്ഷേപകർ തെറ്റ് തിരിച്ചറിഞ്ഞതോടെ ഓഹരി താഴേക്കു പോയി. അവസാനം 1.60 ശതമാനം നഷ്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും ഓഹരി നഷ്ടത്തിലാണ്, ഒരു ശതമാനത്തോളം നഷ്ടത്തിൽ 1,354.80 രൂപയിലാണ് വ്യാപാരം.
ഇത് ആദ്യമായല്ല ഓഹരി മാറിപോയി നിക്ഷേപകർക്ക് അമളി പറ്റുന്നത്. ടാറ്റ മോട്ടേഴ്സ് ഓഹരിയും ടാറ്റ മോട്ടോഴ്സ് ഡിവിആർ ഓഹരിയും തമ്മിൽ നിക്ഷേപകർക്ക് മാറി പോകാറുണ്ട്. വാർത്താ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഡിവിആർ ഷെയറുകളുടെ വോളിയത്തിലും വിലയിലും മുന്നേറ്റമുണ്ടാകാറുണ്ടെന്ന് ബ്രോക്കർമാർ പറയുന്നു. രാജ്യാന്തര വിപണിയിൽ കോവിഡ് കാലത്ത് സൂം ടെക്നോളജീസിനുണ്ടായ മുന്നേറ്റം ഇത്തരത്തിലൊന്നാണ്.
വിഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ സൂം വിഡിയോയുടെ ഓഹരിയാണ് കരുതി നിക്ഷേപകർ സൂം ടെക്നോളജീസിന് പിന്നാലെ പോയി. ഒരാഴ്ചയ്ക്കിടെ 18 ശതമാനം നേട്ടമാണ് ഓഹരിയിലുണ്ടായത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)