Image Credit: X/dilbag_koundal
പേരില്‍ ചെറിയ മാറ്റം, ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിയര്‍ ബ്രാന്‍ഡായ ബിര 91. പേരിലെ പ്രതിസന്ധിക്ക് പിന്നാലെ സാമ്പത്തികമായി തകര്‍ന്ന കമ്പനിയിലെ തൊഴിലാളികള്‍ മാനേജ്മെന്‍റിനെ സമീപിച്ചിരിക്കുകയാണ്. 2022 പേരുമാറ്റിയതിന് പിന്നാലെ വന്ന സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സ്ഥാപകന്‍ അങ്കുര്‍ ജെയ്നെ പുറത്താക്കി പുതിയ മാനേജ്മെന്‍റിനെ നിയമിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
ഭരണപരമായ പ്രശ്‌നങ്ങളും ശമ്പളം നല്‍കുന്നതിലെ കാലതാമസവും ബില്ലുകള്‍ക്ക് പണം നല്‍കാത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ മാനേജ്മെന്‍റിന് കത്തു നല്‍കിയത്. കമ്പനിയുടെ പ്രധാന നിക്ഷേപകരായ ജാപ്പനീസ് ബിവറേജസ് കമ്പനി കിരിൻ ഹോൾഡിംഗ്‌സും പീക്ക് എക്‌സ്‌വി പാർട്‌ണേഴ്‌സും ഉൾപ്പെടുന്ന ബോർഡിനെയാണ് ജീവനക്കാര്‍ സമീപിച്ചത്. ആറു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടിഡിഎസ് കമ്പനി നിക്ഷേപിച്ചിട്ടില്ലെന്നും 2024 മാര്‍ച്ചിലാണ് അവസാനമായി പിഎഫ് വിഹിതം അടച്ചതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം 700 ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ നിലവില്‍ 260 ജീവനക്കാരാണുള്ളത്.
2022 ഡിസംബറിലാണ് കമ്പനിയുടെ പേരുമാറ്റം. ബി9 ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബി9 ബീവറേജസ് ലിമിറ്റഡ് എന്ന പേരിലേക്ക് മാറി. ഐപിഒയ്ക്ക് മുന്നോടിയായാണ് കമ്പനി പേരില്‍ നിന്നും പ്രൈവറ്റ് എന്ന വാക്ക് എടുത്തു കളഞ്ഞത്. എന്നാല്‍ പേരുമാറ്റിയതോടെ കമ്പനിക്ക് പുതിയ പ്രൊഡക്ട് ലേബലും രജിസ്ട്രേഷനും ആവശ്യമായി വന്നു. പുതിയ ക്ലിയറൻസുകള്‍ പൂര്‍ത്തിയാകുന്നത് വരെ നാലു മുതല്‍ ആറു മാസത്തേക്ക് കമ്പനിയുടെ വില്‍പ്പന നിര്‍ത്തിവെയ്ക്കേണ്ടി വന്നു.
ബിരാ ബ്രാന്‍ഡിന്‍റെ പ്രധാന വിപണിയായ ഡല്‍ഹിയിലെയും ആന്ധ്രയിലെയും കമ്പനിക്ക് തിരിച്ചടിയുണ്ടാക്കി. വില്‍ക്കാനാകാത്ത സ്റ്റോക്കുകള്‍ കമ്പനിയില്‍ തിരിച്ചെത്തി. 90 ലക്ഷം കെയ്സുകള്‍ വില്‍ക്കുന്നതില്‍ നിന്ന് 60-70 ലക്ഷം കെയ്സിലേക്ക കുറഞ്ഞു. 80 കോടി രൂപയുടെ ചരക്കുകളാണ് കമ്പനിക്ക് എഴുതിതള്ളേണ്ടി വന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 22 ശതമാനം കുറഞ്ഞ് 638 കോടിയിലെത്തി. നഷ്ടം 748 കോടിയിയായി. കമ്പനി വര്‍ഷത്തില്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായി നഷ്ടം.
ചെന്നൈയില്‍ നിന്നുള്ള നിക്ഷേപകനായ ഡി. മുത്തുകൃഷ്ണന്‍ കമ്പനിയുടെ നിലവിലെ അവസ്ഥയെ സൂചിപ്പിച്ച് ഒരു എക്സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തെറ്റായ നടപടിക്രമത്തിലൂടെ വിജയകരമായൊരു സ്റ്റാര്‍ട്ടപ്പ് മൊത്തത്തില്‍ തകരുന്ന കഥയാണെന്നാണ് അദ്ദേഹം പറയുന്നത്.
''ബിര 91 കഴിഞ്ഞ ദശകത്തിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് കഥകളിൽ ഒന്നായിരുന്നു. വളരെ നന്നായി വളരുകയായിരുന്നു. എന്നാൽ, യാഥാർത്ഥ്യം നമ്മൾ സങ്കൽപ്പിക്കുന്നതിലും വിചിത്രമാണ്. ഒരു ചെറിയ നടപടിക്രമത്തിലെ പിഴവ് കാരണം കമ്പനി മൊത്തത്തിൽ തകർന്നു! കമ്പനിയിലെ ജീവനക്കാർ ചേർന്ന് സ്ഥാപകനെ പുറത്താക്കാൻ വരെ നിർബന്ധിതനാക്കിയിരിക്കുകയാണ്'' എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.