കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന ആശയത്തിൽ നിന്നും കേന്ദ്രസർക്കാരിൻ്റെ പുരസ്കാരത്തിലേക്ക് എത്തിയിരിക്കുകയാണ് ഫ്യൂസലേജ് ഇന്നവേഷൻസ്. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങളിലെ ആസ്പയർ അവാർഡാണ് ഫ്യൂസലേജിന് ലഭിച്ചത്. കാർഷിക മേഖലയ്ക്ക് പുറമേ പ്രതിരോധ മേഖലയിലേക്കും ചുവടുവെച്ചുകഴിഞ്ഞു ഫ്യൂസലേജ്.
കാലം മാറിയാൽ കഥയും മാറണം. കാരണം സാങ്കേതികവിദ്യക്കൊപ്പം നടന്നാൽ ആ മാറ്റം പോസിറ്റീവ് ആയിരിക്കും. കൃഷിയിടങ്ങളിലെ പഴയ മരുന്നടിയൊക്കെ ആളുകൾ മാറ്റിവെച്ചുതുടങ്ങി. ഈ രംഗം ഡ്രോണുകൾ ഏറ്റെടുത്തിട്ട് കുറച്ചു നാളായി. ഇതിൽ ഏറെ പങ്കു വഹിച്ചവരാണ് ആലപ്പുഴ ചേർത്തല സ്വദേശികളായ ദേവൻ ചന്ദ്രശേഖരനും, സഹോദരി ദേവിക ചന്ദ്രശേഖരനും. 2020ലാണ് ഇവർ ഫ്യൂസലേജ് ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ്പിന് രൂപം നൽകുന്നത്. ആദ്യം പുറത്തിറക്കിയത് കാർഷിക മേഖലയ്ക്കായി രണ്ട് തരം ഡ്രോണുകൾ.
നവീന ആശയത്തെ നാട് ഏറ്റെടുത്തതിനൊപ്പം, നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. രാജ്യത്തെ 2, 3 ശ്രേണികളിലുള്ള നഗരങ്ങളിൽ നിന്ന് ഉയർന്നു വരുന്ന നവീന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇക്കൂട്ടത്തിൽ ഒടുവിലത്തേത്. ചെറിയ നഗരങ്ങളിൽ നിന്നാരംഭിച്ച് പ്രാദേശിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും, സാമ്പത്തിക വളർച്ചയ്ക്കും, സാങ്കേതിക മുന്നേറ്റത്തിനും സംഭാവന നൽകിയതിനാണ് പുരസ്കാരം. നിലവിൽ കൂടുതൽ മേഖലകളിലേക്കും ഫ്യൂസലേജ് കടക്കുകയാണ്. പ്രതിരോധ, മറൈൻ മേഖലയ്ക്ക് വേണ്ടിയുള്ള ഡ്രോണുകളും ഇവർ തയ്യാറാക്കുന്നുണ്ട്.