lg-ipo

വരുന്ന ആഴ്ചയില്‍ ഓഹരി വിപണിയില്‍ കാത്തിരിക്കുന്ന ലിസ്റ്റിങ് എല്‍ജി ഇലക്ട്രോണിക്സിന്‍റേതാണ്. വ്യാഴാഴ്ച അവസാനിച്ച എല്‍ജി ഇലക്ട്രോണിക്സ് ഐപിഒയ്ക്ക് വലിയ ഡിമാന്‍റാണ് എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. ഓഹരി ഒക്ടോബര്‍ 14 ന് ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഗ്രേമാര്‍ക്കറ്റില്‍ വമ്പന്‍ പ്രീമിയത്തില്‍ എല്‍ജി ഇലക്ട്രോണിക്സ് ഓഹരികള്‍ കുതിക്കുന്നതില്‍ ഓഹരി ലഭിച്ച നിക്ഷേപകര്‍ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. 

ഐപിഒ വിശദാംശം

എല്‍ജി ഇലക്ട്രോണിക്സ് ഐപിഒ വ്യാഴാഴ്ചയാണ് അവസാനിച്ചത്. നിക്ഷേപകര്‍ക്കായി 7.13 കോടി ഓഹരികളാണ് എല്‍ജി ഇലക്ട്രോണിക്സ് പൊതുവിപണിയില്‍ ലഭ്യമാക്കിയതെങ്കിലും ആകെ 385,32,29,416 ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് എത്തിയത്. 54.02 മടങ്ങാണ് സബ്സ്ക്രിപ്ഷന്‍ നിരക്ക്. 11,607 കോടി രൂപയുടെ ഐപിഒയില്‍ 1,080-1,140 രൂപ നിരക്കിലാണ് ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം കമ്പനിയുടെ കമ്പനിയുടെ മൂല്യം 77,400 കോടി രൂപയാണ്. 

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലാണ് ഓഹരി വില്‍പ്പന എന്നതിനാല്‍ കമ്പനിക്ക് ഐപിഒയില്‍ നിന്നും പണമൊന്നും ലഭിക്കില്ല. അതായത് ഓഹരികള്‍ വിറ്റ് സമാഹരിക്കുന്ന പണം പ്രമോട്ടര്‍മാര്‍ക്ക് ലഭിക്കും എന്ന് ചുരുക്കം. 

ഓഹരി ലഭിച്ചോ എന്ന് എങ്ങനെ അറിയാം

ഓഹരി അലോട്ട്മെന്‍റുണ്ടോ എന്ന് എന്‍എസ്ഇയുടെ വെബ്സൈറ്റ് വഴി പരിശോധിക്കാം. ഇതിനായി https://www.nseindia.com/invest/check-trades-bids-verify-ipo-bids എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഇതില്‍ 'Equity & SME IPO bid details' തിരഞ്ഞെടുത്ത്, കമ്പനി 'LG Electronics India' തിരഞ്ഞെടുക്കുക. ശേഷം, നിങ്ങളുടെ ഐപിഒ അപേക്ഷാ നമ്പറോ പാന്‍ വിവരങ്ങളോ നല്‍കി അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം

ഗ്രേ മാര്‍ക്കറ്റില്‍ നിലവില്‍ 395 രൂപ പ്രീമിയത്തിലാണ് എല്‍ജി ഇലക്ട്രോണിക്സ് ഓഹരി വ്യാപാരം നടക്കുന്നത്. ഐപിഒ ആരംഭ സമയത്ത് 323 രൂപയായിരുന്ന ജിഎംപി നിലവില്‍ കുതിക്കുകയാണ്. നിലവിലെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം അടിസ്ഥാനമാക്കിയാല്‍ എല്‍ജി ഇലക്ട്രോണിക്സ് ഓഹരി 33 ശതമാനം നേട്ടത്തോടെ 1535 രൂപയില്‍ ലിസ്റ്റ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

LG Electronics India IPO, which was oversubscribed by 54.02 times, is set to list on October 14. The Gray Market Premium (GMP) has surged to ₹395, suggesting a listing gain of 33% at ₹1535 per share. Check allotment status on the NSE website.