eduport-img

പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ ലേണിങ് വീക്ക് 2025ൽ മലയാളി സ്റ്റാർട്ടപ്പ് എഡ്യൂപോർട്ട് (Eduport) തിളങ്ങി. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയ്ക്കായി നയരൂപകര്‍ത്താക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ ഒത്തുചേർന്ന ഉച്ചകോടി 'എ.ഐയും വിദ്യാഭ്യാസത്തിന്റെ ഭാവിയും' എന്ന ആശയത്തിലാണ് സംഘടിപ്പിച്ചത്.

വ്യക്തിഗത വിദ്യാഭ്യാസ രംഗത്ത് (Personalised Education) എ.ഐ സഹായത്തോടെ മാതൃകാപരമായ മുന്നേറ്റമുണ്ടാക്കിയ എഡ്യൂപോർട്ടിനെ പ്രതിനിധീകരിച്ച് സ്ഥാപകൻ അജാസ് മുഹമ്മദ് ഉച്ചകോടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ അഡാപ്റ്റീവ് ലേണിങ് പ്ലാറ്റ്‌ഫോമായ Adapt AIയാണ് എഡ്യൂപോർട്ടിന്റെ ഫ്‌ളാഗ്ഷിപ് ഉല്‍പന്നം. ഓരോരുത്തരുടെയും കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ്, അവയെ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകമായി എ.ഐ സഹായത്തോടെ പാഠ്യപദ്ധതികൾ തയ്യാറാക്കുകയാണ് ഇതിന്റെ പ്രത്യേകത. വിദ്യാഭ്യാസത്തിലെ വിടവ് നികത്താനും ഗുണമേന്മയുള്ള പഠനം എല്ലാവർക്കും ലഭ്യമാക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണിത്.

ഓരോ നൂറ്റാണ്ടിലും വിദ്യാഭ്യാസത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്ന് അജാസ് മുഹമ്മദ് പറഞ്ഞു. 'ശരിയായ വിദ്യാഭ്യാസം വ്യക്തിഗതവും രണ്ട് പേർ തമ്മിലുമാകണം (One-on-One) എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അലക്സാണ്ടറിന് അരിസ്റ്റോട്ടിലും ജവഹർലാൽ നെഹ്‌റുവിന് എഫ്.ടി. ബ്രൂക്‌സും ഗുരുനാഥന്മാരായത് നമുക്ക് മുന്നിലുണ്ട്. എല്ലാകുട്ടികൾക്കും ‘അരിസ്റ്റോട്ടിലിനെ’ കിട്ടാനാവില്ലെങ്കിലും സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ച് ആ കുറവ് നികത്താനാകു'മെന്നും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസത്തിൽ മനുഷ്യകേന്ദ്രികൃതവും തുല്യവുമായ എ.ഐ സാങ്കേതികവിദ്യയുടെ പ്രയോഗം നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്ക് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതാണ് യുനെസ്‌കോ വേദിയിലെ എഡ്യു പോര്‍ട്ടിന്‍റെ പങ്കാളിത്തം. എല്ലാ കുട്ടികൾക്കും വ്യക്തിഗതമായ വിദ്യാഭ്യാസം ലഭ്യമാക്കുക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് വിദ്യാഭ്യാസത്തിൽ എ.ഐ സൃഷ്ടിക്കുന്ന യഥാർത്ഥ വിപ്ലവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മേഖലയില്‍ എ.ഐയുടെ സാധ്യതകളും വെല്ലുവിളികളും ചർച്ചയായ ഉച്ചകോടിയിൽ, അധ്യാപന രീതികളും പാഠ്യപദ്ധതികളും മെച്ചപ്പെടുത്തുന്നതിൽ എ.ഐ വഹിക്കുന്ന പങ്ക് സജീവ ചര്‍ച്ചയായി. തുല്യത, നീതി, മനുഷ്യ നിയന്ത്രണം എന്നിവയിലെ വെല്ലുവിളികൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിൽ ആറു ലക്ഷത്തിലധികം എഡ്യൂപോര്‍ട്ട് ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 11.5 കോടി മണിക്കൂറുകൾക്കുമീതെ ക്ലാസ് സെഷനുകൾ നടത്തുകയും ദിനംപ്രതി ശരാശരി ഏഴ് മണിക്കൂർ വിദ്യാർത്ഥികളുടെ എൻഗേജ്‌മെന്റ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. മാസത്തിൽ രണ്ടുലക്ഷത്തിലധികം പേർ സ്ഥിരമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുവെന്നാണ് കമ്പനിയുടെ കണക്ക്. 2000-ത്തിലധികം വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകളിലും പങ്കെടുക്കുന്നു.

NEET, JEE പോലുള്ള മത്സരപരീക്ഷകൾക്കായി കേരളത്തിലെ അഞ്ച് റെസിഡൻഷ്യൽ ക്യാംപസുകളിലൂടെയും, ഹൈസ്കൂൾ–ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലൂടെയും വലിയ സ്വാധീനം ചെലുത്തിക്കൊണ്ട്, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് എഡ്യുപോര്‍ട്ടിന്‍റെ ലക്ഷ്യം. വിദ്യാഭ്യാസത്തെ കൂടുതൽ എളുപ്പവും ലഭ്യമാവുന്നതുമായും അവസരങ്ങൾ നിറഞ്ഞതുമായും മാറ്റുക എന്നതാണ് ദൗത്യമെന്നും കമ്പനി പറയുന്നു.

ENGLISH SUMMARY: