മലബാര്‍ ഗ്രൂപ്പ് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നേച്വറിങ് ബിഗിനിങ്സ് പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചു. നഗരപ്രദേശങ്ങളിലെ പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ള അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാരവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ച ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള സുപ്രധാന പദ്ധതിയാണിത്. തുടക്കത്തില്‍ ഡല്‍ഹിയിലെ നഗരപ്രദേശത്തെ പിന്നാക്ക സമൂഹങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാര്‍ ഗ്രൂപ്പ് ഹെഡ് ക്വാട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ.റോഡെറിക്കോ എച്ച്.ഓഫ്രിന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദിന് ധാരണപത്രം കൈമാറി. WHO നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.പി.മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരിച്ചു. മലബാര്‍ ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഷര്‍.ഒ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ്.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.